തങ്ക അങ്കി ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം

ആറന്മുള| WEBDUNIA| Last Updated: ഞായര്‍, 23 ഡിസം‌ബര്‍ 2007 (10:10 IST)

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്ക് വച്ച തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബര്‍ 23 ഞായറാഴ്ച രാവിലെ ആറന്‍‌മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. ഇത് 26 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പമ്പയിലെത്തും.

23 ന് രാത്രി ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് രഥ ഘോഷയാത്രയ്ക്ക് വിശ്രമം. 24 ന് രാവിലെ 9.30 യാത്ര തുടങ്ങി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ തങ്ങി 25 ന് രാവിലെ ഏഴിന് യാത്ര ആരംഭിച്ച് റാന്നിയിലെത്തിച്ചേരും.

26 ന് രാവിലെ റാന്നി പെരുനാട്ടില്‍ നിന്ന് തിരിക്കുന്ന രഥഘോഷയാത്ര ശബരിമലയ്ക്ക് പുറപ്പെടും. പമ്പാ പെട്രോള്‍ പമ്പിനു സമീപത്ത് വച്ച് പമ്പാ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്പെഷ്യല്‍ ഓഫീസറും തങ്ക അങ്കി ഏറ്റുവാങ്ങും.

ശരണഘോഷ അകമ്പടികളോടെ തങ്ക അങ്ക് അടങ്ങിയ പേടകം അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ പമ്പാ ഗണപതി ക്ഷേത്രത്തിലെത്തിക്കും. വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ സന്നിധാനത്തേക്ക് യാത്ര പുറപ്പെടും.

വൈകിട്ട് അഞ്ച് മുപ്പതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകരും സ്വീകരിക്കും. കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിനു മുമ്പിലെത്തുന്ന തങ്ക അങ്കി പേടകം തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി ശ്രീകോവിലിനകത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നട അടച്ച് തങ്ക അങ്കി ഭഗവാന് ചാര്‍ത്തും. നട തുറന്ന് ദീപാരാധനയും നടത്തും.

27 നാണ് മണ്ഡലപൂജ. പുലര്‍ച്ചെ നാലിനു നട തുറന്ന് നിര്‍മ്മാല്യം, ഗണപതി ഹോമം എന്നിവയ്ക്ക് ശേഷം രാവിലെ പത്തിന് നെയ്യഭിഷേകവും കളഭാഭിഷേകവും നടത്തും. പന്ത്രണ്ടിന് ഉച്ചപൂജ ആരംഭിക്കും. 12.29 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. തിരുനട ഒരുമണിക്ക് അടച്ച് വൈകിട്ട് നാലു മണിക്ക് വീണ്ടും തുറക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.

ഇതോടെ 41 ദിവസത്തെ മണ്ഡല മഹോത്സവം സമാപിക്കും. മകര വിളക്ക് മഹോത്സവത്തിനായി മുപ്പതാം തീയതി ഞായറാഴ്ച വൈകിട്ട് വീണ്ടും നട തുറക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :