കൊച്ചമ്മയുമായുള്ള അവിഹിതം ജീവനെടുത്തു

WEBDUNIA|
ഒല്ലൂരിനടുത്തുള്ള തലോരിലെ പൊന്തക്കാട്ടില്‍ കണ്ടെത്തിയ ചീഞ്ഞളിഞ്ഞ മൃദദേഹം തിരുപ്പൂരിലെ സ്വീറ്റ്‌ടെക്‌ ബനിയന്‍ കമ്പനിയില്‍ ടെയ്‌ലറായ പാപ്പനായ്‌ക്കല്‍ പാളയം പാണ്ഡ്യരാജന്റേതാണെന്ന് (29) തെളിഞ്ഞു. മുതലാളിയുടെ ഭാര്യയുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതാണ് പാണ്ഡ്യരാജന്റെ ജീവനെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട്‌ കമ്പനിയുടമ ശിവകുമാര്‍, അനുജന്‍ മണികണ്‌ഠന്‍, ബന്ധുവായ തോഴൈ എന്നിവരെ പ്രതികളാക്കി തിരുപ്പൂര്‍ നോര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. ഇതില്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പാണ്ഡ്യരാജന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ്‌ തലോര്‍ ബിആര്‍സി സ്‌റ്റോപ്പിന് അടുത്തുള്ള മാലിന്യങ്ങള്‍ നിറഞ്ഞ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്‌. പാണ്ഡ്യനെ കാണാതായതു സംബന്ധിച്ച്‌ അന്വേഷണത്തില്‍ കൊലക്കുറ്റം തെളിയുകയും പിടിയിലായ പ്രതി നല്‍കിയ സൂചനയനുസരിച്ച്‌ ജഡം തള്ളിയ സ്‌ഥലം പോലീസ്‌ കണ്ടെത്തുകയുമായിരുന്നു. വസ്‌ത്രങ്ങള്‍ ധരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

പാണ്ഡ്യരാജന്റെ മുതലാളിയായ ബനിയന്‍ കമ്പനി ഉടമ ശിവകുമാറിന്‌ ജഗദീശ്വരി, അലമേലു എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ട്. അവിവാഹിതനായ പാണ്ഡ്യന്‍ ജഗദീശ്വരിയുമായി ഏറെനാളായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നു. ഈയിടെ ഇക്കാര്യം ശിവകുമാര്‍ അറിയാനിടയായി. പ്രകോപിതനായ ശിവകുമാര്‍ ബന്ധുക്കളുമായി ചേര്‍ന്നു പാണ്ഡ്യനെ അപായപ്പെടുത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ 21ന്‌ രാത്രി പാണ്ഡ്യന്‍ ജോലികഴിഞ്ഞ്‌ വരുമ്പോള്‍ ടൂര്‍പോകാമെന്ന്‌ പറഞ്ഞ്‌ ഇവര്‍ ഇയാളെ ടാറ്റ സുമോയില്‍ കയറ്റി.

കൊമ്പന്‍ചെല്ലിക്കെതിരെ തെങ്ങുകൃഷിക്കാര്‍ ഉപയോഗിക്കുന്ന വിഷഗുളികയും ഇവര്‍ കരുതിയിരുന്നു. വണ്ടി പത്തുകിലോമീറ്ററോളം ഓടിയപ്പോള്‍ പ്രതികള്‍ വിഷഗുളിക പാണ്ഡ്യനെ ബലമായി കഴിപ്പിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന്‌ ദീര്‍ഘദൂരം സഞ്ചരിച്ച്‌ ഒരുമണിയോടെ തലോറിലെ പൊന്തക്കാട്ടില്‍ ജഡം തള്ളിയശേഷം മടങ്ങി.

പാണ്ഡ്യന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു തിരുപ്പൂര്‍ നോര്‍ത്ത്‌ പോലീസ്‌ 26ന്‌ കാണ്‍മാനില്ലെന്നു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങി. കമ്പനി ജീവനക്കാരെയും മറ്റും ചോദ്യം ചെയ്‌തപ്പോഴാണ്‌ പാണ്ഡ്യന്റെ തിരോധാനം സംശയാസ്‌പദമാണെന്നു ബോധ്യപ്പെട്ടത്‌. തുടര്‍ന്ന് മണികണ്‌ഠനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ ചുരുളഴിഞ്ഞത്. ശിവകുമാര്‍ കുടുംബസമേതം ഒളിവിലാണ്. പൊലീസ് അന്വേഷണം തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :