കേസുണ്ടേല്‍ ആനയും കയറും പൊലീസ് സ്റ്റേഷനില്‍!

തേഞ്ഞിപ്പാലം| WEBDUNIA|
തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഒരു ആനയെ കെട്ടിയിരിക്കുന്നത് കണ്ടപ്പോള്‍ ആനയ്ക്കെതിരേയും കേസോ? എന്നാണ് ആളുകള്‍ ചോദിച്ചത്. പക്ഷെ പിന്നെയാണ് അറിയുന്നത് തൊണ്ടിമുതലാണെന്ന്. ആനയെക്കട്ട വിരുതനാരെന്നായി പിന്നെ ആളുകളുകളുടെ ചോദ്യം. അതിന് പൊലീസിന് ഇതുവരെ ഉത്തരം കിട്ടിയിട്ടുമില്ല. കാരണം കട്ടവനാണോ പരാതിപ്പെട്ടവാനാണോ ആനയുടെ ഉടമ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങുന്നതേയുള്ളു.

ആനക്കഥയ്ക്ക് പിന്നിലുള്ള സംഭവം ഇത്രയേ ഉള്ളു. കൂപ്പില്‍ പണിക്ക് കൊണ്ട് പോയ മോഹനന്‍ എന്ന തന്റെ ആനയെ കാണാനില്ലെന്ന് പള്ളിക്കല്‍ സ്വദേശി മുഹമ്മദ് റാഫി തേഞ്ഞിപ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനേ തുടര്‍ന്ന് പൊലീസ് ആനയ്ക്ക് വേണ്ടി അന്വേഷണം നടത്തി. ആന അത്രയ്ക്ക് ചെറിയ ജീവി അല്ലത്തതുകൊണ്ടാവാം പഴമല്ലൂരില്‍ നിന്ന് ആനയെ നിന്നനില്പില്‍ കണ്ടെത്തി. ആ‍നമാത്രമായിരുന്നില്ല കൂടെ പാപ്പാനും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആനയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

ഉടന്‍ തന്നെ ആനയുടെ ഉടമസ്ഥവകാശം ഉന്നയിച്ചുകൊണ്ട് പള്ളിക്കല്‍ സ്വദേശി അഷ്‌റഫ് എന്നയാ‍ളും എത്തിയതൊടെ ആനക്കേസ് പൊലീസിനെ പുലിവാല് പിടിപ്പിച്ചു. ആനയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ആനയ്ക്ക് ആര്‍ സി ബുക്കുമില്ല. പിന്നെയുള്ളത് ആനയുടെ തലയില്‍ ഫിറ്റ് ചെയ്ത മൈക്രോചിപ്പാണ്. ഒടുവില്‍ ആനയെ സംബന്ധിച്ച രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആനയെ അഷറഫിന് താത്കാലികമായി വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ ആനയ്ക്ക് പനം‌പട്ട വെട്ടാന്‍ പനയില്‍കേറേണ്ടിവരും എന്ന് പൊലീസ് മനസിലാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :