കേരളത്തെ പൂര്‍ണമായി അവഗണിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (17:47 IST)
PRO
ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതും സ്വകാര്യവത്കരണത്തെ പ്രോല്‍‌സാഹിപ്പിക്കുന്നതുമാണ് ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വര്‍ധിപ്പിച്ചതു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയ്ക്കു കാരണമാകും. ഓഹരി വിറ്റഴിക്കലിലൂടെ കൂടുതല്‍ തുക സമാഹരിക്കും എന്നതിന്‍റെ അര്‍ത്ഥം സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് നേരത്തെ സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. പെട്രോളിയം ഉല്‍‌പന്നങ്ങളുടെ വില വര്‍ദ്ധന വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടും. സംസ്ഥാനത്തിന് പുതിയ പദ്ധതികളൊന്നുമില്ലെന്ന് പറഞ്ഞ പിണറായി ഗള്‍‌ഫില്‍ നിന്ന് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിനും പ്രത്യേക പദ്ധതികളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി.

ബജറ്റില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി വര്‍ധിപ്പിച്ചതു ന്യായീകരിക്കാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു‍. ഇതു മൂലമുണ്ടാകുന്ന വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേറ്റുകളുടെ ബജറ്റ് ആണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് സംസ്ഥാനധനമന്ത്രി തോമസ് ഐസക്ക് നേരത്തെ ആരോപിച്ചിരുന്നു. എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചത് വിലക്കയറ്റം രൂക്ഷമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :