കരുണാകരന്‍റെ പുനപ്രവേശനം: ചര്‍ച്ചകള്‍ സജീവം

K. Karunakaran
KBJWD
കെ.കരുണാകരന്‍റെ മടങ്ങിവരവ് സംബന്ധിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയില്‍ ഭൂരിഭാഗം നേതാക്കളും കരുണാകരന്‍റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അഞ്ചോളം കോണ്‍ഗ്രസ് നേതാക്കള്‍ കിദ്വായിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരുണാകരന്‍റെ മടങ്ങിവരവ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നാണ് ഭൂരിഭാഗം നേതാക്കളും പറഞ്ഞത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, ജി കാര്‍ത്തികേയന്‍ തുടങ്ങിയ നേതാക്കള്‍ രാവിലെ മൊഹ്‌സിനയെ കണ്ടിരുന്നു. കരുണാകരന്‍ തിരിച്ചുവരുന്നതില്‍ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്ന്‌ അവര്‍ അറിയിച്ചതായാണ്‌ വിവരം. പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ഏകദേശം 15 മിനിറ്റോളം കിദ്വായിയുമായി ചര്‍ച്ചകള്‍ നടത്തി.

ഈ ചര്‍ച്ചയുടെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ഉമ്മന്‍‌ചാണ്ടിയോട് ഇക്കാര്യം ചോദിച്ചെങ്കിലും അദ്ദേഹം മറുപടിയൊന്നും നല്‍കിയില്ല. കെ.പി.സി.സി ആസ്ഥാനത്ത് വച്ച് ഒരു വട്ടം കൂടി മൊഹ്സിന കിദ്വായിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അതിന് ശേഷം കാര്യങ്ങള്‍ വിശദമാക്കാമെന്നായിരുന്നു ഉമ്മന്‍‌ചാണ്ടി നല്‍കിയ വിശദീകരണം. കരുണാകരന്‍റെ മടങ്ങിവരവിനെ ശക്തമായി എതിര്‍ക്കുന്ന ആളാണ് ഉമ്മന്‍‌ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും. കരുണാകരന്‍ മടങ്ങിവന്നാല്‍ പാര്‍ട്ടിയി ഇപ്പോഴുള്ള സമാധാനം തകരുമെന്ന ആശങ്കയാണ് ഇരുവര്‍ക്കുമുള്ളത്.

മൊഹ്‌സിനാ കിഡ്വായിയെ കണ്ട പി. ശങ്കരന്‍ കരുണാകരന്റെ തിരിച്ചുവരവ്‌ പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കുമെന്ന്‌ അറിയിച്ചു. ഡി.ഐ.സി വിട്ട്‌ മാതൃസംഘടനയില്‍ ചേര്‍ന്നവര്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം മൊഹ്‌സിനയെ അറിയിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് വച്ച് മിക്ക നേതാക്കളുമായും മൊഹ്സിന കിദ്വായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

തിരുവനന്തപുരം | WEBDUNIA| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2007 (11:01 IST)
ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെ അവര്‍ അറിയിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കരുണാകരന്‍റെ മടങ്ങിവരവ് സംബന്ധിച്ച അന്തിമതീരുമാനം ഡല്‍ഹിയില്‍ ഉണ്ടാവുക. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്‍റെ കേരള സന്ദര്‍ശനത്തിന്‍റെ ലക്‍ഷ്യമെന്ന് കിദ്വായി രാവിലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :