ന്യൂഡല്‍ഹി |
WEBDUNIA|
Last Modified വെള്ളി, 2 നവംബര്‍ 2007 (16:06 IST)
കെ.കരുണാകരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും എ.ഐ.സി.സി അംഗമായ കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ സോണിയാ ഗാന്ധിയെ കണ്ടത്.
കെ.കരുണാകരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടു വന്നാല്‍ മാത്രമേ വരുന്ന തെരെഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വിജയിക്കാനാവൂവെന്ന് സോണിയാ ഗാന്ധിയെ അറിയിച്ചതായി കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ അറിയിച്ചു. കരുണാകരന്‍ തിരിച്ചുവരണമെന്ന് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളത്.
പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യാതെ കെ.കരുണാകരന്‍ തിരിച്ചുവരുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രസ്താവന നടത്തിയത് ശരിയായില്ല. തങ്ങള്‍ മാത്രം പാര്‍ട്ടിയില്‍ മതിയെന്ന വിചാരം ചില നേതാക്കള്‍ ഉപേക്ഷിക്കണം.
ജനപിന്തുണ ഏറ്റവും കുറവുള്ള നേതാക്കളാണ് ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. ആന്‍റണി ഗ്രൂപ്പില്‍ ആന്‍റണി ഇല്ലാത്ത അവസ്ഥയാണ്. മൂന്നാം ഗ്രൂപ്പില്‍ ജി. കാര്‍ത്തികേയന്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. അങ്ങനെ ബഹുഭൂരിപക്ഷം അണികളുടെ പിന്തുണ ഇല്ലത്ത നേതാക്കളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.
അതിനാല്‍ കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ തിരിച്ചെത്തിയാല്‍ മാത്രമേ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ നേരിടാന്‍ കഴിയൂവെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ സോണിയെ അറിയിച്ചു.