ഒരുമനയൂര്‍ കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ

തൃശൂര്‍ | WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (15:54 IST)
ഒരുമനയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. തൃശൂര്‍ അതിവേഗ കോടതി ജഡ്ജി പി. കെ. ഹനീഫാണ് ശിക്ഷ വിധിച്ചത്.

അകലാട് അമ്പലത്തു വീട്ടില്‍ നവാസാണ് കേസിലെ പ്രതി. നവാസ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചാവക്കാട് ഒരുമനയൂര്‍ മുത്തംമാവില്‍ പിള്ളരിക്കല്‍ രാമചന്ദ്രന്‍(45) ഭാര്യ ലത(38), ഏകമകള്‍ ചിത്ര(10) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലയ്ക്ക് ശേഷം നവാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2005 നവംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ലതയുമായി അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ചില വിലക്കുകള്‍ മൂലം തുടരാനാകാതെ വന്നപ്പോഴുണ്ടായ വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.

സംഭവദിവസം അര്‍ദ്ധരാത്രിയോടെ ജനലിനോടു ചേര്‍ന്നുള്ള ചുമര്‍ പൊളിച്ച് വീട്ടിനകത്ത് കയറിയ നവാസ് പുലര്‍ച്ചെവരെ കാത്തിരുന്ന ശേഷമാണ് കൃത്യം നടത്തിയത്. ആദ്യം ഉറക്കമുണര്‍ന്നെത്തിയ ലതയെ തലയ്ക്കടിച്ചുവീഴ്ത്തിയ നവാസ് പിന്നീട് ലതയുടെ നിലവിളി കേട്ടെത്തിയ രാമചന്ദ്രനേയും ചിത്രയേയും തലയ്ക്കടിച്ചുവീഴ്ത്തി.

കൊലയ്ക്ക് ശേഷം തിരിച്ചിറങ്ങിയ നവാസ് രാമചന്ദ്രന്‍റെ അമ്മ കാര്‍ത്യായനിയെ ചുമരിലേക്ക് തള്ളിയിട്ടു. വീഴ്ചയില്‍ തലയ്ക്കു പരിക്കറ്റ ഇവര്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :