എല്‍ഡി‌എഫിന് തുടരാന്‍ അവകാശമില്ല: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ജനങ്ങളെ പീഡിപ്പിച്ചതിനുള്ള ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഇടതുമുന്നണി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശേഷിച്ച കാലം സര്‍ക്കാര്‍ ജന നന്‍‌മയ്ക്കായി പ്രവര്‍ത്തിക്കണം. കണ്ണൂര്‍, വടകര എന്നീ മണ്ഡലങ്ങളിലെ വിജയം സിപിഎമ്മിനുള്ള താക്കിതാണെന്നും പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ നേതാക്കളുടെ അഹന്ത സിപി‌എമ്മിനെ ജങ്ങളില്‍ നിന്ന് അകറ്റി. ഇടതുമുന്നണി നേതാക്കള്‍ സങ്കുചിത താല്പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇടതുമുന്നണിയുടെ വിശ്വാസ്യത നഷ്ടമായതായും ഇടതുമുന്നണി തകര്‍ത്തതിന്‍റെ ഉത്തരവാദിത്വം സിപി‌എമ്മിനാണെന്നും അദ്ദേഹം ആരോപിച്ചു. യുഡി‌എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനതാദള്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും ചെന്നിത്തല അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളില്‍ മന്‍‌മോഹന്‍ സര്‍ക്കാരിന്‍റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഫലം. സിപി‌എമ്മിന്‍റെ അപചയമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ആറ് മന്ത്രിമാരെ ലഭിച്ചത് അഭിമാനകരമാണ്. കേരളത്തിന് കൂടുതല്‍ പരിഗണന നല്‍കിയതിന് സോണിയയോടും മന്‍‌മോഹനോടും കെപിസിസിക്ക് കടപ്പാടുണ്ട്. കേന്ദ്രസര്‍ക്കാരിനോട് ആക്രമണത്തിന്‍റെ പാത കൈവെടിഞ്ഞ് സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ മന്ത്രിമാരുടെ സേവനം സഹായം ചെയ്യും. ജനതാദള്‍ യുഡി‌എഫിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചാല്‍ അക്കാര്യം യുഡി‌എഫില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപി‌എം നടത്തിയത് ആത്മാര്‍ത്ഥതയില്ലാത്ത വിശകലനമാണ്. വി എസ് അച്യുതാനന്ദനെ താഴെയിറക്കാനുള്ള തന്ത്രങ്ങളാണ് സിപി‌എം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തത്. വസ്തുതകളെ വസ്തു നിഷ്ഠമായ വിലയിരുത്തലിന് സിപി‌എം തയ്യാറാകണം. അല്ലാതെ യുഡി‌എഫും മാധ്യമങ്ങളും നടത്തിയ പ്രചാര വേലയില്‍ ജനങ്ങള്‍ വീണുപോയെന്ന വിലയിരുത്തല്‍ ശരിയല്ല. വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടിയതിനെ ജനം തെരഞ്ഞെടുപ്പില്‍ തള്ളിയതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്‍ഡി‌എഫുമായി കോണ്‍ഗ്രസിന് ഒരു ബന്ധമില്ലെന്നും ചെന്നിത്തല പറഞ്ഞു.

നാല് മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി അദ്ദേഹം അറിയിച്ചു. തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ ജി കാര്‍ത്തികേയന്‍, പി ജെ കുര്യന്‍, എം എം ഹസന്‍, എം എം ജേക്കബ്, സി വി പത്മരാജന്‍ എന്നിവരാണ്‌ സമിതി അംഗങ്ങള്‍. പാലക്കാട് ഡിസിസിയുടെ ചുമതല സിവി ബാലചന്ദ്രനെ ഏല്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു. പാലക്കാട് ഡിസിസി പ്രസിഡന്‍റായിരുന്ന എ വി ഗോപിനാഥ് ആരോഗ്യ കാരണങ്ങളാല്‍ രാജി സമര്‍പ്പിച്ച സാഹചര്യത്തിലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :