ഉണ്ണിത്താന്‍ അനാശാസ്യം നടത്തിയിട്ടില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു യുവതിക്കൊപ്പം പിടിയിലായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച എന്‍ ‌പി മൊയ്തീന്‍ കമ്മീഷന്‍ കെപിസിസിക്ക് അയച്ചുകൊടുത്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യം നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊറിയര്‍ വഴിയാണ് അന്വേഷണ റിപ്പോര്‍ട്ട് അയച്ചുകൊടുത്തിരിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

എന്നാല്‍ ഉണ്ണിത്താന്‍ സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി വിവരമുണ്ട്. ഉണ്ണിത്താന്‍ മഞ്ചേരി യാത്രയ്ക്ക് നിരത്തുന്ന കാരണങ്ങള്‍ ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ മൊയ്തീന്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാര്‍ക്ക് സംശയം ഉണ്ടാക്കുന്ന തരത്തില്‍ മഞ്ചേരിയിലെ വീട്ടിലേക്ക് യുവതിയുമായി എത്തിയതില്‍ ഉണ്ണിത്താന്‌ വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉണ്ണിത്താന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉള്‍‌പ്പെടുത്താന്‍ മൊയ്തീന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് അറിയുന്നത്. ഉണ്ണിത്താനെതിരെ മൊഴി നല്‍കിയ പ്രാദേശിക നേതാക്കളുടെ വികാരം കണക്കിലെടുത്താണ് ഉണ്ണിത്താനെതിരെയുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ബന്ധിതമായത്.

ചില പരാമര്‍ശങ്ങള്‍ ഒഴികെ മഞ്ചേരി സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന ഊന്നലിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതെന്നാണ് വിവരം. റിപ്പോര്‍ട്ടിലെ വിശദാംശങ്ങളെക്കുറിച്ച് കെപിസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല. സംഭവത്തിന്‍റെ പിറ്റേന്നുതന്നെ ഉണ്ണിത്താനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നരയാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു മൊയ്തീന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അംഗത്വവിതരണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കാരണം തെളിവെടുപ്പ് വൈകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :