ഇടയലേഖനം ഇറക്കുന്നത് തുടരും

കൊച്ചി | M. RAJU| Last Modified ചൊവ്വ, 12 ഫെബ്രുവരി 2008 (13:36 IST)
സി.പി.എമ്മിനെതിരെ ഇടയലേഖനം ഇറക്കുന്നതില്‍ നിന്നും ക്രൈസ്തവ സഭകള്‍ പിന്മാറനമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ ആവശ്യം സഭാ നേതൃത്വം തള്ളി.

നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നേതൃത്വം അറിയിച്ചു. ക്രൈസ്തവ സഭകളും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രകാശ് കാ‍രാട്ട് സി.പി.എം സംസ്ഥാനസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധമായി ഇടയലേഖനം ഇറക്കുന്നത് ശരിയല്ലെന്നും കരാട്ട് പറഞ്ഞിരുന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഇടയലേഖനങ്ങള്‍ പള്ളിയില്‍ വായിക്കുന്നത് തുടരുമെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി.

ദൈവവിശ്വാസം അപമാനിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഇടയലേഖനങ്ങള്‍ ആവശ്യമാണ്. അതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും സഭാ നേതൃത്വം പറയുന്നു. നേരത്തെ പലതവണ വിവിധ ക്രൈസ്തവ സഭകള്‍ ഒരുമിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഇടയലേഖനങ്ങള്‍ ഇറക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :