ഇഎഫ്എല്‍: ആശങ്ക നിലനില്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

മൂന്നാര്‍| WEBDUNIA|
PRO
ഇടുക്കി ജില്ലയിലെ മൂന്നു താലൂക്കുകളെ പാരിസഥിതി ദുര്‍ബല പ്രദേശമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരിക്കുന്നത് ആശങ്കാകുലമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി രംഗത്ത്. മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ മാറ്റാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്. 2007 വരെ നികുതിയടച്ച കര്‍ഷകരില്‍ നിന്ന്‌ നികുതി വാങ്ങേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്‌ പിന്‍വലിക്കണം.

പീരുമേട്‌ മേഖലയിലുള്ള കര്‍ഷകര്‍ക്ക്‌ ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നോട്ടീസ്‌ നല്കിയിട്ടുള്ളതായി കര്‍ഷകര്‍ പരാതിപ്പെട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് നിര്‍ത്തിവെയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, ഇടുക്കിയിലെ മൂന്ന്‌ താലൂക്കുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമില്ലെന്ന മന്ത്രിയുടെ പ്രസ്താവന കള്ളമാണെന്ന്‌ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി കോട്ടയത്ത് പറഞ്ഞു. മന്ത്രി പ്രസ്താവന പിന്‍വലിച്ച്‌ മാപ്പു പറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :