അരുണ്‍കുമാറിനെ സസ്പെന്റ് ചെയ്തേക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെ ഐഎച്ച്‌ആര്‍ഡി അഡിഷണല്‍ ഡയറക്‌ടര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ന്റ് ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഐഎച്ച്‌ആര്‍ഡിയുടെ ഡയറക്‌ടര്‍ ഡോ സുബ്രഹ്‌മണ്യത്തേയും സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ഇരുവരും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

അക്കൌണ്ട് ജനറലിന്റേയും ധനവകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഈ ശുപാര്‍ശ വ്യാഴാഴ്ച പരിഗണിച്ചതിന് ശേഷമേ, അരുണ്‍കുമാറിന് എതിരായ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളു.

മുഖ്യമന്ത്രിയായ സമയത്ത് വി എസ് അച്യുതാനന്ദന്റെ കീഴിലായിരുന്നു ഐ ടി മിഷനും ഐ എച്ച് ആര്‍ഡിയും. ഈ സ്ഥാപനങ്ങള്‍ സംയുക്തമായി ആരംഭിച്ച ഫിനിഷിംഗ് സ്കൂളില്‍ അരുണ്‍കുമാറിനെ ഡയറക്ടറാക്കിയത് ക്രമവിരുദ്ധമായിട്ടാണ്. നാലുവര്‍ഷമായിട്ടും സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് വേണ്ട യോഗ്യത നിശ്ചയിക്കാത്തത്, അരുണ്‍കുമാറിന് ഈ സ്ഥാനത്ത് തുടരാന്‍ വേണ്ടിയാണ്. ഫിനിഷിംഗ് സ്കൂളിനായി അനുവദിച്ച രണ്ട് കോടി രൂപ ക്രമവിരുദ്ധമായിട്ടാണ് വിനിയോഗിച്ചതെന്നുമായിരുന്നു ധനവകുപ്പിന്റെ റിപ്പോര്‍ട്ട്.

അരുണ്‍കുമാറിനെ ഐ എച്ച്‌ ആര്‍ ഡി യില്‍ പ്രിന്‍സിപ്പാള്‍‍, ജോയിന്റ്‌ ഡയറക്‌ടര്‍, അഡിഷണല്‍ ഡയറക്‌ടര്‍ എന്നീ തസ്‌തികകളിലേക്ക്‌ സ്‌ഥാനക്കയറ്റം നല്‍കിയതു നിയമവിരുദ്ധമാണെന്നാണ് അക്കൌണ്ട് ജനറലിന്റെ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :