അരി വില കൂടുന്നു

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (16:56 IST)

കേരളത്തില്‍ അരി വില കൂടിവരികയാണ്. മില്ലുകള്‍ വഴി പേരിട്ട് പുറത്തിറക്കുന്ന അരി തരങ്ങള്‍ക്കാണ് വില കൂടുന്നത്.

ഈ മാസം പത്തിന് ബസ്‌മതി അരി ഒഴികെയുള്ള എല്ലാ നെല്ലരികളുടെയും കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതാണ് ആഭ്യന്തര വിപണിയില്‍ അരിയുടെ വില കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബ്രാന്‍ഡഡ് അരികളുടെ വിലയാണ് കുതിച്ചുയരുന്നത്. പതിനാലു രൂപ മുതല്‍ ലഭ്യമായിരുന്ന ഇത്തരം അരി ഇപ്പോള്‍ പത്തൊമ്പത് രൂപയിലും ഇരുപതു രൂപയിലും എത്തിനില്‍ക്കുകയാണ്.

ഗള്‍ഫിലേക്കും അമേരിക്ക, ഓസ്ട്രേലിയ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ അരി കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. നിരോധനം വന്നതോടെ കേരളത്തില്‍ നിന്നുള്ള നിറപറ, പവിഴം, ഡബിള്‍ ഹോഴ്‌സ്, സദ്യ തുടങ്ങിയപത്തിലേറെ ബ്രാന്‍ഡുകള്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്നും പുറത്തായി.

ഉപഭോക്തൃ സംസ്ഥാനമായ കേരളം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ വഴിയും സ്പെന്‍സേഴ്സ്, ബിഗ് ബസാര്‍ തുടങ്ങിയ വന്‍‌കിട വിപണന ശൃംഖലകള്‍ വഴിയും ബ്രാന്‍ഡ് ചെയ്ത പാക്കറ്റ് അരികള്‍ വാങ്ങി ശീലിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴത്തെ അരിവില പ്രധാനമായും ബാധിക്കുന്നത് ശമ്പളം കൊണ്ട് ജീവിക്കുന്ന മധ്യവര്‍ഗ്ഗക്കാരെയാണ്.

ഇക്കുറി നെല്ലുല്‍പ്പാദനം കുറഞ്ഞതുകൊണ്ട് കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയി ക്ഷാമവും വിലക്കയറ്റവും ഉണ്ടാക്കും എന്ന് കരുതിയാണ് കുത്തരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് കൊണ്ടുവന്നത്.

എന്നാല്‍ നിരോധനം വന്നിട്ടും വിലക്കയറ്റം ഉണ്ടായി എന്നതാണ് കേരളത്തിലെ അവസ്ഥ. ഉത്തരേന്ത്യയിലെ ബസ്‌മതി അരി കയറ്റുമതിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് നിരോധനം എന്നാണ് കേരളത്തിലെ ആലപ്പുഴ, ആലുവ പ്രദേശങ്ങളിലെ അരി മില്ലുകാരുടെ ആരോപണം.

ആകെ 2,500 മെട്രിക് ടണ്‍ ബ്രാന്‍ഡഡ് അരി കേരളത്തില്‍ റൈസ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 മെട്രിക് ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ഈ കയറ്റുമതിയില്‍ നിന്നാണ് റൈസ് മില്ലുകാരുടെ നിലനില്‍പ്പിനും ലാഭത്തിനും ആധാരമായ തുക വരുമാനമായി ലഭിക്കുന്നത്.

ഒന്നര കിലോ നെല്ല് കുത്തുമ്പോഴാണ് ഒരു കിലോ അരി ലഭിക്കുന്നത്. ബാക്കിയെല്ലാം തവിടും ഉമിയുമായി പോകും. ഇതില്‍ നിന്നു തന്നെ കിട്ടുന്ന ലാഭം കിലോയ്ക്ക് പത്തോ പതിനഞ്ചോ പൈസയാണ് എന്നാണ് മില്ലുകാരുടെ വാദം. പിന്നെ കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന ലാഭം കൊണ്ടും തവിടും ഉമിയും വിറ്റുകിട്ടുന്ന ചെറിയ ലാഭം കൊണ്ടും കഷ്ടിച്ച് കഴിഞ്ഞു കൂടുന്നു എന്നാണവരുടെ നിലപാട്.

കയറ്റുമതി ഇല്ലാതാക്കിയാല്‍ വില കുറയുകയില്ല എന്നൊരു സൂചന നല്‍കാന്‍ ഇത് മന:പൂര്‍വ്വം ഉണ്ടാക്കിയ ഒരു വിലക്കയറ്റമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :