രേണുക വേണു|
Last Modified ബുധന്‍, 19 നവംബര്‍ 2025 (10:15 IST)
കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം. യുവാക്കള്‍ക്കു അര്‍ഹിച്ച പ്രാതിനിധ്യം ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ജെയിംസ് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. യുവാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമെന്ന് സഞ്ജയ് ജെയിംസ് പറഞ്ഞു. തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രമാണോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും അദ്ദേഹം ചോദിച്ചു.
യുവാക്കളെ പരിഗണിക്കണമെന്ന കെപിസിസി സര്‍ക്കുലര്‍ ജില്ലാ നേതൃത്വം അവഗണിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിഫലിച്ചത് നേതാക്കളുടെ വ്യക്തി താല്‍പര്യമാണ്. രണ്ടുതവണ തോറ്റവര്‍ക്ക് വരെ സീറ്റ് നല്‍കിയിട്ടും യൂത്ത് കോണ്‍ഗ്രസിനെ അവഗണിച്ചു. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കിയ എല്‍ഡിഎഫിനെ കണ്ടു പഠിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. യുവാക്കളെ പരിഗണിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അവകാശവാദം വെറുതെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.