1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 'Vizhinjam port' share tranfer controversy KK Ragesh facebook post against CM VD Satheesan

എനിക്കെതിരെ ഉപയോഗിച്ച ശരീരഭാഷയും വാക്കുകളും മുഖ്യമന്ത്രിക്ക് ചേർന്നതല്ല, വിരട്ടിനിർത്താമെന്ന് കരുതരുത്: മറുപടിയുമായി കെ കെ രാഗേഷ്

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് കെ കെ രാഗേഷിന്റെ പ്രതികരണം.

Vizhinjam Port share transfer, KK Ragesh Facebook post, CM VD Satheesan, Kerala News
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ജനാധിപത്യബോധത്തില്‍ നിന്നുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി കാണിക്കുന്നത് അസഹിഷ്ണുതയാണെന്നും തുറമുഖത്തിന്റെ ഓഹരി വില്പനയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്പര്യമുണ്ടെന്നും അത് കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണെന്നും കെ കെ രാഗേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ജില്ലാ സെക്രട്ടറിക്ക് എന്താ കാര്യമെന്ന് മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് കെ കെ രാഗേഷിന്റെ പ്രതികരണം.
 
 കെ കെ രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
'എന്താ ഇത്ര ഇന്ററസ്റ്റ്?'
 
തീര്‍ച്ചയായും താല്‍പര്യമുണ്ട്, ബഹുമാന്യനായ മുഖ്യമന്ത്രി! സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും ആ താല്പര്യമുണ്ട്. കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താല്‍പര്യമാണത്. ജനാധിപത്യബോധത്തിന്റെ താല്‍പര്യമാണത്. അത് ശബ്ദുമുയര്‍ത്തി ചോദിക്കുമ്പോള്‍ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന താങ്കളോട് ഒരു ചോദ്യം ആവര്‍ത്തിക്കട്ടെ, എന്താണ് വിഴിഞ്ഞത്തോടുള്ള 'അമിത താല്‍പര്യം'?
പത്രസമ്മേളനങ്ങളില്‍ ചോദ്യം ചോദിക്കുന്ന അപൂര്‍വ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയായി മാറിയിട്ടുണ്ട്. പൊതു പ്രവര്‍ത്തകരെയാകെ അത്തരത്തില്‍ വിരട്ടി നിര്‍ത്താമെന്ന് കരുതരുത്. താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!
 
ഇന്നത്തെ അസ്വസ്ഥത കണ്ടപ്പോള്‍, ഉന്നയിച്ച കാര്യങ്ങള്‍ താങ്കളെ പ്രതിരോധത്തിലാക്കിയെന്നത് വ്യക്തമായി. താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍, ശരീര ഭാഷ തുടങ്ങിയവയൊന്നും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയിലായിരുന്നില്ലെന്ന് തുറന്നുപറയട്ടെ. സ്വന്തം പാര്‍ട്ടിയിലെ കമന്റ് തൊഴിലാളികള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കുമാണ് ആ ഭാഷ ഇണങ്ങുക എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ!
അഹിതമായ രീതിയില്‍ വിഴിഞ്ഞം ഡീലിന് താങ്കള്‍ വഴിയൊരുക്കുമ്പോള്‍ കേരള ജനതയ്ക്ക് തങ്ങളുടെ മുഖ്യമന്ത്രിയെക്കുറിച്ച് ചില സംശയങ്ങള്‍ നിലവിലുണ്ട്. നാള്‍ക്കുനാള്‍ അത് വര്‍ദ്ധിക്കുകതന്നെയാണ്.  
 
എന്തിനാണ് ധനം, നിയമം, തുറമുഖം വകുപ്പുകള്‍ മുഖ്യമന്ത്രി ബോധപൂര്‍വം ഏറ്റെടുത്തത്?
എന്തിനാണ് വിഴിഞ്ഞം പോര്‍ട്ട് മുന്‍ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത്?
എന്തിനാണ് ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് അദാനി അധികൃതരെ കണ്ടത്?
ആരാണ് ആ പ്രത്യേക വിമാനത്തിന്റെ ചിലവ് വഹിച്ചത്?
ഓഹരിക്കൈമാറ്റത്തില്‍ കരാര്‍ ലംഘനം നടത്തിക്കൊണ്ട് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഓഹരി വില്പനയുമായി മുന്നോട്ട് പോകാന്‍ എവിടെനിന്നാണ് അദാനിക്ക് ധൈര്യം കിട്ടിയത്? 
 
അദാനിയുടെ പ്രസ്സ് റിലീസ് കണ്ടാണ് കച്ചവടത്തിന്റെ കാര്യം അറിയുന്നത് എന്നു പറയുവാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ക്ക് ലജ്ജയില്ലേ? 
അതുകൊണ്ട് തന്നെ, ഭാവികേരളത്തിന്റെ പ്രതീക്ഷയെ, കേരളത്തിന്റെ സ്വപ്നപദ്ധതിയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുന്നതിനെതിരെ ഇനിയും ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിഴിഞ്ഞം സ്വര്‍ണ്ണപ്പണയ തട്ടിപ്പ് : സിന്ധുവിന്റെ ഒറ്റ അക്കൗണ്ടില്‍ നടന്നത് ഒന്നരകോടിയുടെ ഇടപാട്, ലഭിച്ചത് 17 പരാതികള്‍, 175 പവന്‍ തട്ടിയെടുത്തു