നാട് മഴക്കെടുതിയിൽ വലഞ്ഞപ്പോൾ മുഖ്യമന്ത്രി ഭക്ഷണവിരുന്നിൽ (വീഡിയോ)
യുഡിഎഫ് നേതാക്കൾക്കൊപ്പം സതീശൻ ഉച്ചഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി.സതീശൻ മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ ഭക്ഷണവിരുന്നിന് പോയത് വിവാദമാകുന്നു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലാണ് സതീശൻ എത്തിയത്.
യുഡിഎഫ് നേതാക്കൾക്കൊപ്പം സതീശൻ ഉച്ചഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാത്രം കാലവർഷക്കെടുതിയിൽ കേരളത്തിൽ ഒൻപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്തത്. മാത്രമല്ല കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനവും നടത്തിയിട്ടില്ല.
പൊന്നാനിയിൽ കടലേറ്റം രൂക്ഷമായിരുന്നു. തീരദേശ മേഖലയിൽ പത്തോളം വീടുകൾക്ക് നാശനഷ്ടമുണ്ട്. എന്നിട്ടും ദുരിത മേഖല മുഖ്യമന്ത്രി സന്ദർശിച്ചില്ല.
നേരത്തെ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനു ഹെലികോപ്റ്റർ ഉപയോഗിച്ചതും വിവാദമായിരുന്നു. മഴക്കെടുതി പോലുള്ള അടിയന്തര ആവശ്യങ്ങളിൽ മാത്രമാണ് നേരത്തെ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുള്ളത്. ആദ്യമായാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനു സംസ്ഥാനം വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. കൊച്ചിയിൽ ഭാര്യാപിതാവിനെ കാണാനാണ് സതീശൻ സംസ്ഥാനത്തിന്റെ ഖജനാവ് ഉപയോഗപ്പെടുത്തിയത്.