'മുഖ്യമന്ത്രിയെ പുകഴ്ത്തണം'; ഫെയ്‌സ്ബുക്ക് പേജുകൾ വിലയ്‌ക്കെടുത്ത് സതീശന്റെ പിആർ
യുഡിഎഫിൽ സതീശനെ പിന്തുണയ്ക്കാൻ നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ ഒറ്റയ്ക്കുള്ള പിആർ പരിപാടികൾ
കാലവർഷക്കെടുതി രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയതായി പരക്കെ വിമർശനം ഉയരുമ്പോഴും സമൂഹമാധ്യമങ്ങളിൽ പിആർ തകൃതി. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫെയ്‌സ്ബുക്ക് പേജുകളെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി വി.ഡി.സതീശനായുള്ള പിആർ.
വെറൈറ്റി മീഡിയ, നീലക്കുയിൽ തുടങ്ങിയ പാപ്പരാസി പേജുകളെയാണ് മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ ആശ്രയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തും വി.ഡി.സതീശന്റെ പ്രൊമോഷന് വേണ്ടി ഈ പേജുകളെ വിലയ്‌ക്കെടുത്തതായി ആരോപണം ഉയർന്നിരുന്നു.
യുഡിഎഫിൽ സതീശനെ പിന്തുണയ്ക്കാൻ നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ ഒറ്റയ്ക്കുള്ള പിആർ പരിപാടികൾ. സംസ്ഥാനം കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ പോയി വിരുന്ന് സത്കാരത്തിൽ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടനത്തിനു പോയതും വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ സതീശനെതിരെ വിമർശനമുന്നയിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് ക്ലീൻ ഇമേജ് സൃഷ്ടിക്കാനുള്ള സതീശന്റെ പിആർ.