1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Used cars authorized dealers kerala

വണ്ടി തട്ടിപ്പ് വ്യാപകം, പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്ന് വാങ്ങണമെന്ന് ട്രാൻപോർട്ട് കമ്മീഷണർ

Kerala
ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നവര്‍ അംഗീകൃത യൂസ്ഡ് കാര്‍/സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ മുഖേന മാത്രം ഇടപാടുകള്‍ നടത്തണമെന്ന്  സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം. നിലവില്‍ വിപണിയില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ സജീവമാണെന്നും, ഇവരുമായി നടത്തുന്ന ഇടപാടുകള്‍ തട്ടിപ്പുകള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ടെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മുന്നറിയിപ്പ്.
 
ഒരു വാഹനം വില്‍ക്കുന്ന ഘട്ടത്തില്‍ പഴയ ഉടമയില്‍ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും പിന്നീട് പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാന്‍ അധികാരമുള്ളത് അംഗീകൃത ഡീലര്‍മാര്‍ക്കു മാത്രമാണ്.വാഹനം വിറ്റ ശേഷവും രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റപ്പെടാതെ തുടരുന്നത് ഗൗരവകരമായ പ്രശ്‌നമാണെന്നും അത്തരത്തില്‍ ആ വാഹനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ, ട്രാഫിക് ചലാന്‍, വാഹനാപകടങ്ങളോ ഉണ്ടായാല്‍ പഴയ ഉടമ തന്നെ നിയമപരമായി ഉത്തരവാദിയാകേണ്ടി വരുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.വ്യക്തികള്‍ തമ്മില്‍ നേരിട്ടാണ് വാഹനം വാങ്ങല്‍-വില്‍പ്പന നടത്തുന്നതെങ്കില്‍, ആര്‍.സി ബുക്ക്, ഇന്‍ഷുറന്‍സ്, നികുതി അടച്ച നില തുടങ്ങിയ എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കുകയും ഉടമസ്ഥാവകാശം ഉടന്‍ തന്നെ നിയമപരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
 
പൊതുജനങ്ങള്‍ അവരുടെ ഉപയോഗിച്ച വാഹനം സെക്കന്‍ഡ് ഹാന്‍ഡ്/യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ക്ക് വില്‍ക്കുകയോ അവരില്‍ നിന്ന് വാങ്ങുകയോ ചെയ്യുമ്പോള്‍ ഫോം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡീലര്‍ക്കുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാഹന്‍ പോര്‍ട്ടല്‍ വഴി ഫോം 29 സി ഉപയോഗിച്ച് താല്‍ക്കാലികമായി ഡീലറിലേക്ക് കൈമാറണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
 
കൂടാതെ, വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുന്‍പ്, ബന്ധപ്പെട്ട ഡീലര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ച സാധുവായ ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അംഗീകൃത ഡീലര്‍മാരുടെ പട്ടിക (https://mvd.kerala.gov.in)എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും, പൊതുജനങ്ങള്‍ അതു പരിശോധിച്ച് മാത്രമേ ഇടപാടുകള്‍ നടത്താവൂവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
 
അടുത്ത ലേഖനം
പിഎഫ് പണം ഇനി വിരൽത്തുമ്പിൽ; ഏപ്രിൽ 1 മുതൽ എടിഎം വഴിയും യുപിഐ വഴിയും പിൻവലിക്കാം