Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂൺ ഡോൾഫിൻ കേരളത്തിനു പണിയാകുമോ?
Typhoon Dolphin: പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ടൈഫൂൺ ഡോൾഫിന്റെ സ്വാധീനത്താൽ കേരളത്തിലും മഴ വർധിക്കും. ഓഗസ്റ്റ് എട്ടാം തിയതി വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
പസിഫിക് സമുദ്രത്തിലൂടെ ജപ്പാനെ ലക്ഷ്യംവെച്ചാണ് ടൈഫൂൺ ഡോൾഫിന്റെ സഞ്ചാരം. ജപ്പാനിലെ ഒകിനാവ ദ്വീപിൽ ആയിരിക്കും തീരംതൊടുക. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന അതിശക്തമായ ടൈഫൂൺ എന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ. ജൂലൈ 26 നാണ് ടൈഫൂൺ ഡോൾഫിൻ രൂപംകൊണ്ടത്.
എൽ നിനോയുടെ ഭാഗമായി കിഴക്കൻ പസിഫിക് സമുദ്രത്തിൽ സാധാരണയേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം ഇന്ത്യയിലും കാണപ്പെട്ടേക്കാം. കേരളത്തിന്റെ കാലാവസ്ഥയെ ടൈഫൂൺ ബാധിച്ചേക്കുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.
കേരളത്തിൽ പ്രതീക്ഷിക്കേണ്ടത്
തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇരട്ട ചക്രവാതചുഴികളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഓഗസ്റ്റ് എട്ട് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഓണം നനയും
ഇത്തവണ സംസ്ഥാനത്ത് ഓണ നാളുകളിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ടൈഫൂൺ ഡോൾഫിൻ പൂർണമായി ഇല്ലാതാകുന്നത് വരെ അതിന്റെ സ്വാധീനം കേരളത്തിലുണ്ടാകും. തൊട്ടുപിന്നാലെ പസിഫിക് സമുദ്രത്തിൽ ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ഓണക്കാലത്തും മഴ തുടരാൻ കാരണമാകും.