സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (12:21 IST)
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നു. ഒപി ഡ്യൂട്ടി അനിശ്ചിതകാല ബഹിഷ്‌കരണത്തിന് പുറമേ, ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ ദുരിതത്തിലാണ്. അധ്യാപനം നിര്‍ത്തിവച്ചതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ആശങ്കാകുലരാണ്. ഒപിയില്‍ ഉള്‍പ്പെടെ പിജി വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
57 മാസത്തെ ശമ്പള പരിഷ്‌കരണ കുടിശ്ശിക ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നില്‍ അവര്‍ നിരാഹാര സമരത്തിലാണ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ആറ് മാസം മുമ്പ് ആരംഭിച്ച സമരമാണ് ഈ അവസ്ഥയ്ക്ക് കാരണമായത്.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക പതിവായി നല്‍കുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് കടുത്ത അവഗണനയാണ് നിലനില്‍ക്കുന്നത്.