തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും
കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച സ്ത്രീ ഒരു സ്വര്‍ണ്ണ കമ്മലും വിഴുങ്ങിയതായി ഡോക്ടര്‍മാര്‍. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ വയറ്റില്‍ നിന്നാണ് സ്വര്‍ണ്ണ കമ്മല്‍ കണ്ടെത്തിയത്. ഒരു കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം വരുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ച് വിഴുങ്ങിയ സമീനയെ (35) കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മാല വീണ്ടെടുക്കാന്‍ നടത്തിയ എക്‌സ്-റേ പരിശോധനയില്‍ അവരുടെ വയറ്റില്‍ ഒരു സ്വര്‍ണ്ണ കമ്മലും ഉണ്ടെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിച്ചു. അത് സമീനയുടെ കമ്മലാണെന്ന് അവര്‍ സംശയിക്കുന്നു. കുട്ടിയുടെ സ്വര്‍ണ്ണമാലയല്ല തന്റെ സ്വന്തം സ്വര്‍ണ്ണം വിഴുങ്ങിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്ത്രീ തന്റെ കമ്മല്‍ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്.
എനിമാ ഉപയോഗിച്ച് മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും പരാജയപ്പെട്ടു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ തെളിവുകള്‍ ശേഖരിക്കുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ സ്ത്രീയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.