സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 20 ജനുവരി 2026 (10:44 IST)
ദീപക്കിന്റെ ആത്മഹത്യയില്‍ കേസിനു പിന്നാലെ വീഡിയോ പകര്‍ത്തിയ യുവതി ഒളിവില്‍. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് തിരച്ചില്‍ നടത്തുകയാണ്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പയ്യന്നൂരില്‍ സ്വകാര്യബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. വസ്തുതാ വിരുദ്ധമായ ആരോപണത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്ന് കുടുംബം ആരോപിക്കുകയും യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. ഒരു ആരോപണം വൈറലാകുമ്പോള്‍, ഒരു ജീവിതം നിശബ്ദമായി തകര്‍ന്നുവീഴാമെന്ന് അവര്‍ പറഞ്ഞു. ഭാഗ്യലക്ഷ്മി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ പ്രതികരണം പങ്കുവെച്ചു. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. 'ഇതില്‍ ഒന്ന് പോലും നഷ്ടപ്പെട്ടാല്‍ അത് നീതിയല്ല. അത് സമൂഹത്തിന്റെ പരാജയമാണ്,' അവര്‍ എഴുതി.