അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജനുവരി 2026 (10:54 IST)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണം അതീവ നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. തിരുവല്ലയിലെ സ്വകാര്യബാങ്കില്‍ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം.
ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും തന്ത്രി ഒരു പരാതി പോലും നല്‍കിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിലെ വൈമുഖ്യമാണോ പരാതി നല്‍കാതിരിക്കാന്‍ കാരണമെന്നാണ്
SIT പരിശോധിക്കുന്നത്. മുമ്പ് ചോദ്യം ചെയ്തപ്പോള്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തന്ത്രി നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നാണ് സൂചന. പ്രളയസമയത്ത് ചില രേഖകളും പണവും നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നെങ്കിലും, ബാങ്ക് നിക്ഷേപം നഷ്ടമായ കാര്യം മറച്ചുവെച്ചു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ സാമ്പത്തിക ബന്ധങ്ങളും ഗൂഢാലോചനയും തെളിയിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
അതേസമയം, കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് 90 ദിവസം പൂര്‍ത്തിയായതോടെയാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. എന്നാല്‍ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ജനുവരി 28-ന് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് ഈ പുതിയ കണ്ടെത്തലുകള്‍ കോടതിയില്‍ ഉന്നയിക്കും.