കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി; കേരളത്തിലെത്തിയിട്ട് പറയാമെന്ന് മറുപടി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (18:10 IST)
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഔദ്യോഗിക പ്രതികരണം കേരളത്തില്‍ വച്ച് നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ കേരളത്തില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെവച്ച് സംസാരിക്കാം എന്നുമാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.

ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. എയിംസ് കേരളത്തില്‍ വരുമെന്ന് പല വേദികളില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് തൃശ്ശൂരിലോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നല്‍കിയില്ലെങ്കില്‍ പൊള്ളാച്ചിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കേന്ദ്രനികുതി വിഹിതത്തിന്റെ 41% ഓഹരി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് ധനകാര്യ കമ്മീഷന്‍. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍ ഗ്രാന്റിനത്തില്‍ 2026-27 ല്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചത് 1.4ലക്ഷം കോടി രൂപയാണ്. തദ്ദേശസ്ഥാപന ഗ്രാന്റ്, ദുരന്തനിവാരണ ഗ്രാന്റ് എന്നിവ ഇതിലുള്‍പ്പെടും. ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :