എയും ഐയും ഒന്നിച്ചു, സുധീരന്‍ ഒറ്റപ്പെട്ടു

സുധീരന്‍, മദ്യ നയം, കോണ്‍ഗ്രസ്
തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (13:30 IST)
മദ്യനയത്തില്‍ കടും‌പിടുത്തം പിടിച്ച കെപി‌സിസി പ്രസിഡന്റ് വി‌എം സുധീരനെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ വൈരം മറന്ന് ഒന്നിച്ചു. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു വഴിക്കായതോടെ സര്‍ക്കാരിന്റെ നയത്തിന്‌ പിന്തുണതേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തുടങ്ങി. എ, ഐ ഗ്രൂപ്പുകളില്‍ പെട്ട എംഎല്‍എമാരും മന്ത്രിമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഐ ഗ്രൂപ്പിലെ 40 ല്‍ 30 പേരോളം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച പുതിയ തീരുമാനം അനുകൂലിക്കുന്നവരാണ്‌ ഭൂരിപക്ഷം ഐ ഗ്രൂപ്പുകാരും. എ ഗ്രൂപ്പ് മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. മദ്യനയം തിരുത്തിയ തീരുമാനത്തിന്‌ ശേഷം സര്‍ക്കാര്‍ മദ്യലോബിക്ക്‌ കീഴടങ്ങിയെന്നും സര്‍ക്കാരിന്‌ ഭരണ തുടര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയില്‍ വരുമെന്നാണ്‌ കരുതുന്നത്‌.

ഇതോടെ പൂര്‍ണ്ണമായ മദ്യനിരോധനം എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്ന കെപിസിസി പ്രസിഡന്റ്‌ ഒറ്റപ്പെടുമെന്ന്‌ ഉറപ്പായി. മന്ത്രിമാരില്‍ ചിലരും മൂന്‍കൂറായി അവധി വാങ്ങിയിട്ടുള്ള ജനപ്രതിനിധികളും മാത്രമാണ്‌ വിട്ടു നില്‍ക്കുന്നത്‌. വിദേശ യാത്രയിലായതിനാല്‍ ടി‌എന്‍ പ്രതാപന്‍ പങ്കെടുക്കുന്നില്ല. വിഷയത്തില്‍ സുധീരന്റെ നിലപാടിനൊപ്പമായിരുന്നു പ്രതാപന്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ വിളിക്കണമെന്നും യോഗത്തില്‍ കെപിസിസി പ്രസിഡന്റിനെ പങ്കെടുപ്പിക്കണമെന്നും നേരത്തേ ടി എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :