സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (08:08 IST)
സിജെ റോയിയുടെ മരണത്തില്‍ റിയല്‍ എസ്റ്റേറ്റ് പങ്കാളികളെ അടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത തേടുന്നതിനായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നീക്കം തുടങ്ങി.
റോയിയുടെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനായി ബാങ്കുകള്‍ക്ക് എസ്‌ഐടി കത്ത് നല്‍കിയിട്ടുണ്ട്. റോയിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കിട്ടിയത്. അതിനാല്‍ ഡയറിയിലെ കുറിപ്പുകള്‍ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
റോയിയുടെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. അന്വേഷണസംഘത്തിനു ലഭിച്ച മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചകഴിഞ്ഞ് മൂന്നിനു തനിക്കൊപ്പമാണു റോയ് ആസ്ഥാനത്തേക്കു വന്നതെന്നാണു ടി.എ.ജോസഫ് മൊഴി നല്‍കിയത്. എന്നാല്‍, രണ്ട് മണിയോടെ എത്തിയെന്നാണു സുരക്ഷാ ജീവനക്കാരന്‍ പറയുന്നത്. റോയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചോ എന്നതിലും എപ്പോഴാണു കാബിനിലേക്കു പോയതെന്നതിലും വ്യക്തതയില്ല.