അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (12:12 IST)
സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം. എസ്‌ഐആറിന്റെ ഭാഗമായി ഇന്ന് മുതല്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തി വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിച്ച ശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കാനാണ് ഈ നടപടിക്രമങ്ങള്‍. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന നടപടികള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപികളുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.
എസ്‌ഐആറിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുമ്പോഴാണ് കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.12 സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ നടപടികള്‍ക്കുള്ള വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎം_കെ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതെന്നും യോഗ്യരായ ആരെയും ഒഴിവാക്കില്ലെന്നും ഇന്നലെ മദ്രാസ് ഹൈക്കോടതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.