മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ലഹരിമരുന്ന് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ മോഷണം പോയി. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശുപത്രി ഫാര്‍മസിയില്‍ നിന്ന് വാര്‍ഡിലെ രോഗികള്‍ക്കായി മരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. മോഷണം പോയ മരുന്നുകളുടെ കൃത്യമായ അളവ് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഉറക്കഗുളികകള്‍, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിവയും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മോഷണം പോയ ഈ മരുന്നുകള്‍ 'ഡബിള്‍-ലോക്ക്' സംവിധാനമുള്ള സുരക്ഷിതമായ അറയില്‍ കര്‍ശന സുരക്ഷയോടെ സൂക്ഷിക്കേണ്ടവയാണ്.
മോഷ്ടിക്കപ്പെട്ട മരുന്നുകള്‍ ലഹരിമരുന്ന് വിഭാഗത്തില്‍ പെടുന്നവയായതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോഗ്യവകുപ്പ് കരുതുന്നു. സംശയിക്കപ്പെടുന്നയാളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.