ശബരിമല സ്വര്‍ണ്ണക്കൊള്ള: വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ജനുവരി 2026 (08:22 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയില്‍ നിന്നും ശാസ്ത്രീയ പരിശോധന ഫലം സീല്‍ വച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് നല്‍കുന്നത്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയ പാളികള്‍ ആണോ, അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവ് തുടങ്ങിയ നിര്‍ണായക പരിശോധനകളാണ് നടത്തിയിട്ടുള്ളത്. അതേസമയം ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കേസ് എടുത്തത്. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരിശോധനയില്‍ 36 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ നെയ് വില്‍പ്പന ചുമതലയില്‍ ഉണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്.

2025 നവംബര്‍ 17 നും 2026 ജനുവരി 2 നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ഈ കാലയളവില്‍ 35,000 ത്തിലധികം നെയ്യ് പാക്കറ്റുകള്‍ ശരിയായ കണക്കില്ലാതെ വിറ്റഴിച്ചു. അതിന്റെ ഫലമായി 35 ലക്ഷത്തിലധികം രൂപയുടെ ദുരുപയോഗം നടന്നു. ക്രമക്കേടിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമല സ്പെഷ്യല്‍ കമ്മീഷണറും ദേവസ്വം വിജിലന്‍സും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :