SIR Kerala : കണക്കുകളൊന്നും അങ്ങ് ശരിയാകുന്നില്ലല്ലോ..., ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ‘അധിക വോട്ടുകൾ’ ചേർത്തോ?

SIR
Vote - 2025
രേണുക വേണു| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (16:48 IST)
കേരളത്തില്‍ പ്രസിദ്ധീകരിച്ച Special Intensive Revision (SIR)കരട് വോട്ടര്‍ പട്ടിക പുറത്തുവന്നതോടെ ലോകസഭാ തിരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയില്‍ ചോദ്യങ്ങളുയരുന്നു. എസ്‌ഐആര്‍ കരട് പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തായിരിക്കുന്നത് 2024ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിലാണ്. ഇത് യാദൃശ്ചികമായ ഒന്നല്ലെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ച തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ബിജെപി മുന്നിലെത്തിയ 6 നിയമസഭാ മണ്ഡലങ്ങളിലും വലിയ വിഭാഗം വോട്ടര്‍മാര്‍ എസ്‌ഐആറില്‍ പുറത്തായി. തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ - 30,346 പേര്‍, തൃശൂര്‍ - 28,883 പേര്‍, നാട്ടിക - 22,983 പേര്‍, ഇരിങ്ങാലക്കുട - 17,912 പേര്‍, പുതുക്കാട് - 18,489 പേര്‍, മണലൂര്‍ - 19,573 പേര്‍ എന്നിങ്ങനെയാണ് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായവരുടെ കണക്കുകള്‍. ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തിന് പുറത്തുള്ളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് എസ്‌ഐആര്‍ കണക്കുകളിലും അന്തരം പ്രകടമായിരിക്കുന്നത്.

ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 23,507 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഇതില്‍ വലിയ വിഭാഗത്തെ കണ്ടെത്താനാകാത്തവര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴ നിയോജക മണ്ഡലത്തില്‍ 29,039 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ബിജെപി എ ക്ലാസ് മണ്ഡലങ്ങളെന്ന് കണക്കാക്കുന്ന 14 മണ്ഡലങ്ങള്‍ ഏറ്റവുമധികം ആളുകള്‍ പുറത്താക്കപ്പെട്ട ആദ്യ 20 മണ്ഡലങ്ങളുടെ ലിസ്റ്റിലുണ്ട്.

കണക്കുകള്‍ പറയുന്ന രാഷ്ട്രീയം

കരട് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ പുറത്തായിരിക്കുന്നത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് - 54,627 പേര്‍.
വട്ടിയൂര്‍കാവ് (49,740), നേമം (45,618) തുടങ്ങിയ മണ്ഡലങ്ങളും പട്ടികയില്‍ മുന്നിലാണ്. ശ്രദ്ധേയമായ കാര്യം 25,000ല്‍ അധികം വോട്ടര്‍മാര്‍ നീക്കം ചെയ്യപ്പെടുമെന്ന് വ്യക്തമാകുന്ന മണ്ഡലങ്ങളുടെ ഭൂരിഭാഗവും ബിജെപി സ്വാധീനം ഉള്ള മേഖലകളാണെന്നതാണ്.

SIR നടപടികള്‍ ഭരണഘടനാപരമാണെന്നും, മരണമടഞ്ഞവര്‍, താമസം മാറിയവര്‍, ഇരട്ട എന്‍ട്രികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന്റെ ഭാഗമാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളില്‍ മാത്രം ഇത്തരത്തില്‍ വലിയ തോതില്‍ വോട്ടര്‍മാര്‍ പുറത്താകുന്നത്, എങ്ങനെയെന്ന ചോദ്യമാണ് കരട് പട്ടിക പുറത്തുവന്നതോടെ ഉയരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് അധിക വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നോ?

മണ്ഡലത്തിന് പുറത്തുള്ളവര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടെന്ന ആരോപണം ഇപ്പോള്‍ ശരിവയ്ക്കപ്പെടുന്നുണ്ടോ?


തുടങ്ങിയ ചോദ്യങ്ങളാണ് കരട് പട്ടിക പുറത്തുവന്നതോടെ ഉയരുന്നത്. നിലവില്‍ വന്ന പട്ടിക അന്തിമല്ലെങ്കില്‍ ഈ കണക്കുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെ നിസാരമായി കാണാനാകില്ല. വരും ദിവസങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :