സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നല്‍കുന്നത് സംബന്ധിച്ച് പുനര്‍ചിന്ത വേണം; സ്വകാര്യ ബസ് ഉടമകള്‍ സര്‍ക്കാരിനോട്
പാലക്കാട്: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ (കെഎസ്ആര്‍ടിസി) സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തി. ഇത് പൊതുഗതാഗത സംവിധാനം തകര്‍ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് സംഘടന പറഞ്ഞു. സ്വകാര്യ ബസ് മേഖല തകരുമെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി.യെപ്പോലെ ശമ്പളമില്ലാത്ത അവസ്ഥയിലാകുമെന്നും ബസ് ഉടമകള്‍ വിമര്‍ശിച്ചു.
സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്. കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തേണ്ടിവരും. തമിഴ്നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. അതിനാല്‍ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും സ്വകാര്യ ബസ് മേഖലയ്ക്കായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.