രേണുക വേണു|
Last Modified വെള്ളി, 16 ജനുവരി 2026 (11:45 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ ശമ്പളം വർധിപ്പിച്ച് സംസ്ഥാന സർക്കാർ.
സുപ്രീം കോടതി വിധിയുടെയും ഹൈക്കോടതി നിർദ്ദേശത്തിൻ്റേയും അടിസ്ഥാനത്തിലാണ് ശമ്പള പരിഷ്കരണം. കർണാടകയാണ് തടവുകാർക്ക് ഉയർന്ന ശമ്പളം നൽകുന്ന സംസ്ഥാനം. കർണാടക സർക്കാർ നൽകുന്ന വേതനം ചൂണ്ടിക്കാട്ടി തടവുകാരൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കേരളത്തിലെ തടവുകാർക്ക് വേതനം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
നേരത്തെ എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ജയിലിലെ തൊഴിലുകളെ വിദഗ്ധ തൊഴിൽ, അവിദഗ്ധ തൊഴിൽ, അർധ വിദഗ്ധ തൊഴിൽ, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ വിദഗ്ധ തൊഴിലിന് 620 രൂപ, അവിദഗ്ധ തൊഴിലിന് 530 രൂപ, അർധ വിദഗ്ധ തൊഴിന് 560 എന്നിങ്ങനെയാണ് വർധിപ്പിച്ച ശമ്പള നിരക്കുകൾ.
ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാനത്തെ തടവുകാരുടെ ശമ്പളത്തിൽ വർധനവുണ്ടാകുന്നത്.
അതേസമയം തടവുകാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വിധത്തിലാിരുന്നു നേരത്തെ മുൻനിര മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. തടവുകാർക്ക് ലഭിക്കുന്ന തുകയിൽ നിശ്ചിത ശതമാനം അവരുടടെ കുടുംബങ്ങൾ, ജയിൽച്ചെലവ്, പുനരധിവാസം
എന്നിവയ്ക്കും കുറ്റകൃത്യങ്ങളിലെ ഇരകൾക്കുമുള്ളതാണ്.