പുണ്യ പതിനെട്ടാംപടികളുടെ ഭാഗങ്ങള്‍ പോലും കൊള്ളയടിക്കപ്പെട്ടു, ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി വിറ്റു: രാജീവ് ചന്ദ്രശേഖര്‍

അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് വിറ്റതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി.

Rajeev Chandrasekhar
Rajeev Chandrasekhar
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (15:02 IST)


ശബരിമലയിലെ കൊള്ള നാലര കിലോ സ്വര്‍ണ്ണത്തില്‍ ഒതുങ്ങുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇടതുമുന്നണിയുടെ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കൂടി കടത്തി അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് വിറ്റതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു അയ്യപ്പ ഭക്തനെന്ന നിലയില്‍, മുന്‍പുണ്ടായിരുന്ന വേദന പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ശബരിമലയിലെ കൊള്ള നാലര കിലോ സ്വര്‍ണ്ണത്തില്‍ മാത്രമൊതുങ്ങുന്നതല്ല. ഇടത് മുന്നണിയുടെ ദേവസ്വം ബോര്‍ഡ്
ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കൂടി കടത്തിക്കൊണ്ട് പോയി അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് വിറ്റെന്നാണ് അന്വേഷണങ്ങളിലൂടെ വ്യക്തമാകുന്നത്.

ഏറ്റവും ഞെട്ടിപ്പിക്കുന്നത് മറ്റൊന്നാണ് - 2015-ലെ യു.ഡി.എഫ് ഭരണകാലത്ത് പുതുക്കിപ്പണിത പുണ്യമായ പതിനെട്ടാം പടിയുടെ ഭാഗങ്ങള്‍ പോലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ വാസുവിനെയോ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം നീതി നടപ്പാവില്ല. കോണ്‍ഗ്രസ് - യുഡിഎഫ് കാലത്ത് തുടക്കമിട്ട്, സിപിഎം - എല്‍ഡിഎഫ് ഭരണത്തില്‍ നടപ്പില്‍ വരുത്തുകയും ചെയ്ത വലിയൊരു ഗൂഢാലോചന തന്നെ ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്.

ഇത് വെറും കൊള്ള മാത്രമല്ല. ഇത് ഈശ്വരനിന്ദയാണ്. സ്വാമി അയ്യപ്പനോടും എന്നെപ്പോലെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പ ഭക്തരോടുമുള്ള വഞ്ചനയാണ്. ഒരു എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം എല്ലാ സത്യവും പുറത്ത് വരില്ല. അതിന് സിബിഐ അന്വേഷണം തന്നെ അനിവാര്യമാണ്. ഒരു കാര്യം മറക്കരുത് - ഈ നാണംകെട്ട അഴിമതിയെ ഒരു 'പിഴവ്' മാത്രമായി ചിത്രീകരിച്ച് മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം ശ്രമിച്ചത്.
അയ്യപ്പഭക്തര്‍ക്ക് ഞങ്ങള്‍ നീതി ഉറപ്പാക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :