സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ഫെബ്രുവരി 2026 (21:19 IST)
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷം ധരിച്ചെത്തിയ യുവതിയെ ആശുപത്രി സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ന്യൂറോ സര്‍ജന്‍ ആണെന്ന വ്യാജേനയാണ് യുവതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കയറിയത്. പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. പേരൂര്‍ക്കടയിലാണ് താമസിക്കുന്നതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്റ്റെതസ്‌കോപ്പ് ധരിച്ചാണ് യുവതി ഇന്ന് രാവിലെ ആശുപത്രിയിലെത്തിയത്. സീനിയര്‍ ന്യൂറോ സര്‍ജന്‍ എന്ന നിലയില്‍ അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ അധികൃതരെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാന്റീന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അവര്‍ ചുറ്റിത്തിരിയുന്നതായി വ്യക്തമായി. ഇതിനിടയിലാണ് ഇവരെ കാണാതായത്. മള്‍ട്ടി-സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നില്‍ വെച്ച് വേഷംമാറി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ പിന്നീട് വനിതാ സുരക്ഷാ ജീവനക്കാര്‍ പിടികൂടി.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. സ്ത്രീയുടെ യഥാര്‍ത്ഥ പേര് അജ്ഞാതമാണ്. അവര്‍ നിരവധി അപരനാമങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഭര്‍ത്താവ് ശ്രീചിത്രയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞെങ്കിലും അത്തരമൊരു വ്യക്തിയെ കണ്ടെത്തിയിട്ടില്ല. വേഷംമാറി ആശുപത്രിയിലെത്തിയതിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.