കളമശേരിയിൽ 'മന്ത്രിക്കെതിരെ എംപി' പോരാട്ടത്തിന് കളമൊരുങ്ങുന്നു: പി. രാജീവിനെതിരെ ഹാരിസ് ബീരാനെ ഇറക്കാൻ മുസ്ലിം ലീഗ്

കളമശേരി സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ച് കോണ്‍ഗ്രസും ലീഗും തമ്മില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു.

Musilm League, MP Harris, P Rajeev, Kerala Elections
കൊച്ചി| അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (12:51 IST)
കൊച്ചി:
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി യുഡിഎഫ്. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിനെ നേരിടാന്‍ മുസ്ലിം ലീഗ് തങ്ങളുടെ രാജ്യസഭാംഗമായ ഹാരിസ് ബീരാനെ കളത്തിലിറക്കാനാണ് ആലോചിക്കുന്നത്. വ്യവസായ മന്ത്രിയായ പി രാജീവിനെ നേരിടാന്‍ ശക്തനായ ഒരാള്‍ വേണമെന്ന കണക്കുകൂട്ടലാണ് രാജ്യസഭാംഗമായ ഹാരിസ് ബീരാനെ തന്നെ രംഗത്തിറക്കാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.

കളമശേരി സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ച് കോണ്‍ഗ്രസും ലീഗും തമ്മില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനായിരുന്നു കെപിസിസി നേതൃത്വത്തിന്റെ താല്പര്യം. എന്നാല്‍ ലീഗിന്റെ ഉറച്ച കോട്ടയായ കളമശേരി വിട്ടുനല്‍കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടാണ് ലീഗ് ജില്ലാ കമ്മിറ്റി എടുത്തത്. സീറ്റ് ലീഗില്‍ തന്നെ നിലനില്‍ക്കുമെന്ന് ഉറപ്പായതോടെ, പി. രാജീവിനെപ്പോലൊരു അതികായനെ തളയ്ക്കാന്‍ ഹാരിസ് ബീരാനേക്കാള്‍ മികച്ച മറ്റൊരു പേരില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

2024-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാരിസ് ബീരാന്‍, സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സഹോദരീപുത്രന്‍ എന്ന നിലയിലുള്ള പ്രാദേശിക സ്വാധീനവും അദ്ദേഹത്തിന് അനുകൂല ഘടകമാണ്. ഡല്‍ഹി രാഷ്ട്രീയത്തിലും നിയമരംഗത്തും സജീവമായ ഹാരിസിനെ നിയമസഭയിലേക്ക് കൊണ്ടുവരുന്നത് മണ്ഡലത്തില്‍ വലിയ ഓളമുണ്ടാക്കുമെന്നാണ് യുഡിഎഫ് ക്യാമ്പും വിശ്വസിക്കുന്നത്.സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ലീഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എങ്കിലും, രാജ്യസഭാംഗമായ ഹാരിസ് ബീരാനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അടുത്തയാഴ്ചയോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :