ബിപിഎല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസം സൗജന്യമാക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 25 മെയ് 2020 (18:59 IST)
ബിപിഎല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസം സൗജന്യമാക്കണമെന്നും എപിഎല്‍ കാര്‍ഡുകാരുടെ വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വഞ്ചനാദിന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണം കേരള ജനതയ്ക്ക് ദുരിതകാലമായിരുന്നെന്നും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോവിഡ് മഹാമാരിയെപ്പോലും സര്‍ക്കാര്‍ വരുമാനം കണ്ടെത്താനുള്ള ഉപാധിയായി കണ്ടു. അതിന് തെളിവാണ് സ്പ്രിങ്കളര്‍ ഇടപാടും ബാറുകളിലെ പാഴ്‌സല്‍ മദ്യവില്‍പ്പനയും. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത സര്‍ക്കാരാണിത്. കോവിഡ് ഭീഷണി നിലനില്ക്കുമ്പോഴാണ് 13 ലക്ഷം കുട്ടികളെ പരീക്ഷാഹാളിലേക്ക് പറഞ്ഞുവിടുന്നത്. ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :