അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജനുവരി 2026 (16:58 IST)
തിരുവനന്തപുരം: മലയാള സാഹിത്യത്തിന്റെ മഹാനായ എഴുത്തുകാരന്‍
എം.ടി. വാസുദേവന്‍ നായരെ ചുറ്റിപറ്റി പുതിയ വിവാദം ഉയര്‍ന്നിരിക്കുകയാണ്.
എം.ടിയുടെ ആദ്യ ഭാര്യയായ പ്രമീള നായറുടെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട 'eMpTy sPaCe - ബാഷ്പീകരണത്തിന്റെ ആറാം വിരല്‍'' എന്ന പുസ്തകമാണ് സാഹിത്യരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് രചിച്ച കൃതി അന്തരിച്ച് പോയവരെ തേജോവധം ചെയ്യുന്നതാണെന്നും പ്രശസ്തിക്കായി വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ നിരത്തിയതാണെന്നും എംടിയുടെ കുടുംബം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ കടുത്തിരിക്കുന്നത്.
എം.ടിയും പ്രമീള നായറും തമ്മിലുള്ള വിവാഹബന്ധം, അവരുടെ വേര്‍പാട്, തുടര്‍ന്ന് പ്രമീള നായര്‍ അനുഭവിച്ചെന്ന് പറയപ്പെടുന്ന ഒറ്റപ്പെടലും അവഗണനയുമാണ് പുസ്തകത്തിന്റെ പ്രമേയം. പിന്നീട് വേര്‍പിരിഞ്ഞെങ്കിലും, സാഹിത്യചരിത്രത്തില്‍ എം.ടിയുടെ ആദ്യ ഭാര്യ എന്ന നിലയില്‍ മാത്രമാണ് പ്രമീള നായര്‍ പരാമര്‍ശിക്കപ്പെടുന്നത്. അവരുടെ വ്യക്തിത്വവും ജീവിതാനുഭവങ്ങളും മുഖ്യധാരയില്‍ നിന്ന് മറഞ്ഞുപോയതായാണ് പുസ്തക രചയിതാക്കളുടെ വാദം.
അതേസമയം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കാത്തതാണെന്നാണ് എംടിയുടെ രണ്ടാം വിവാഹത്തിലെ മക്കളുടെ വാദം. പുസ്തകം വാങ്ങാന്‍ തന്റെയോ സിതാരയുടെയോ അനുമതി വാങ്ങിയിരുന്നില്ലെന്ന് എംടിയുടെ മകളായ അശ്വതി പറയുന്നു. പറഞ്ഞുകേട്ട അറിവുകള്‍ വെച്ച് മാത്രമാണ് പുസ്തകം രചിച്ചിരിക്കുന്നതെന്നും രചയിതാക്കളുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നുമാണ് അശ്വതി വ്യക്തമാക്കുന്നത്. പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പുസ്തകം ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ലെന്നും എംടിയെ പറ്റിയല്ല, പുസ്തകം പ്രമീളയെ കുറിച്ചാണെന്നും പുസ്തകത്തിന്റെ രചയിതാവായ ദീദി ദാമോദരന്‍ പറയുന്നു. പ്രമീളയെ കുറിച്ചെഴുതാന്‍ എംടിയുടെ മക്കളുടെ അനുവാദം വേണ്ടെന്നും ദീദി ദാമോദരന്‍ പറയുന്നു. പുസ്തകത്തിലെ കാര്യങ്ങള്‍ അശ്വതിയും സിത്താരയും ജനിക്കും മുന്‍പുള്ളതാണെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കുന്നു. എം.ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ശ്രമമല്ല ഈ കൃതിയെന്നും, മറിച്ച് ഒരു സ്ത്രീയുടെ കാണപ്പെടാത്ത ജീവിതകഥ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അതിനെ സാഹിത്യപരമായി കാണണമെന്നും ദീദി ദാമോദരന്‍ പറയുന്നു.
വിവാദങ്ങള്‍ തുടരുന്നതിനിടെ പുസ്തകം മലയാളത്തിലെ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ചരിത്രത്തില്‍ മറഞ്ഞുപോയ ജീവിതങ്ങള്‍ പറയേണ്ടുന്ന ആവശ്യകത നിലനില്‍ക്കുമ്പോഴും മഹാന്മാരുടെ സ്വകാര്യജീവിതം ചര്‍ച്ചയാക്കേണ്ടതുണ്ടോ തുടങ്ങിയ സംവാദങ്ങളാണ് സാഹിത്യരംഗത്ത് ഇപ്പോള്‍ ഉയരുന്നത്.