രേണുക വേണു|
Last Modified വെള്ളി, 9 ജനുവരി 2026 (11:28 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻറെ നിലപാട്. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേർന്നത് എന്നാണ് വിവരം.
ചില എംപിമാർ മത്സരിക്കാൻ സന്നദ്ധരാണെന്ന് നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയതോടെ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.ഈ സാഹചര്യത്തിലാണ് ഡൽഹിയിലല്ലാതെ കേരളത്തിലേക്കിറങ്ങാൻ എംപിമാർ തീരുമാനിക്കുന്നതും. എംപി സ്ഥാനം വിട്ട് എംഎൽഎയാകുന്നത് എതിരാളികൾ പ്രചണ ആയുധമാക്കുമെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ ക്യാംപിൻ്റെ വിലയിരുത്തൽ. നിലവിൽ ഒന്നോ രണ്ടോ എംപിമാർക്ക് മത്സരിക്കാനുള്ള ഇളവ് ചെയ്തുനൽകിയാൽ കൂടുതൽ പേർ അവകാശവാദവുമായി രംഗത്തെത്തും. ഇത് വലിയ പൊട്ടിത്തെറികളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
അതേസമയം ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത് ഒഴിവാക്കണമെന്നും, എംപിമാർ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഞാൻ കാരണം കേരളത്തിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകൾ ഒഴിവാക്കണം. സിറ്റിങ് എംഎൽഎമാർ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എംഎൽഎമാർക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇക്കുറി സ്വന്തം നിലയ്ക്ക് മുൻകൈ എടുക്കില്ല. പാർട്ടി പറഞ്ഞാൽ മാത്രമേ ഇറങ്ങൂവെന്നും മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 18 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതിൽ 14 സീറ്റിൽ കോൺഗ്രസ് എംപിമാരാണ്. ഇതിൽ പകുതിയിലേറെപ്പേർക്കും നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട്. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.കണ്ണൂരിലാണ് കെ സുധാകരന്റെ പേര് ഉയർന്നുകേൾക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരും ഉയർന്നിട്ടുണ്ട്. നേമം/ തിരുവനന്തപുരം - ശശി തരൂർ, ആലപ്പുഴ/ ഇരിക്കൂർ - കെ സി വേണുഗോപാൽ, കൊട്ടാരക്കര/ അടൂർ/ മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, പട്ടാമ്പി- ഷാഫി പറമ്പിൽ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഇവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നത്.