സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 26 ജനുവരി 2026 (18:14 IST)
സംസ്ഥാനമൊട്ടാകെയുള്ള മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ ആരംഭിച്ച് സമരം ശക്തമാക്കും. ശമ്പള പരിഷ്‌കരണം, സേവന വ്യവസ്ഥകള്‍, മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ദീര്‍ഘകാല ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നതെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു.
2025 ജൂലൈ 1 ന് ആരംഭിച്ച പണിമുടക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തമായ ഘട്ടത്തിലേക്ക് കടക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടപടിക്രമങ്ങളും ഉള്‍പ്പെടെ ജനുവരി 27 ന് ഔട്ട്‌പേഷ്യന്റ് (ഒപി) സേവനങ്ങള്‍ ബഹിഷ്‌കരിക്കും. അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അസോസിയേഷന്‍ അനിശ്ചിതകാല റിലേ സത്യഗ്രഹവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരണം തുടരും. തുടര്‍ന്ന് ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കും. ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ചുമതലകളും ബഹിഷ്‌കരിക്കും.
എന്നാല്‍ ഇവ
കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഇന്‍പേഷ്യന്റ് കെയര്‍, എമര്‍ജന്‍സി സര്‍ജറികള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ അവശ്യ സേവനങ്ങളെ ബാധിക്കില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ചുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗവും ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.