2018ലെ പ്രളയം മനുഷ്യ നിര്‍മ്മിതം, പിന്നില്‍ അഴിമതി; മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:44 IST)
2018ലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും പിന്നില്‍ അഴിമതിയാണെന്നുമുള്ള ആരോപണവുമായി എംഎല്‍എ മാത്യു കുഴല്‍ നാടന്‍. അഴിമതിക്ക് തെളിവായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെട്ട ഫോണ്‍ സംഭാഷണവും മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ ഡാമുകള്‍ തുറക്കുന്നത് വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് പറയുന്നു.

മന്ത്രി കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തോട് പറയുന്നതാണ് സംഭാഷണം. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതാണ് പ്രളയത്തിന് കാരണമായതെന്ന് ഫോണ്‍ സംഭാഷണത്തില്‍ കൃഷ്ണന്‍കുട്ടി പറയുന്നു. ഇത് ഒരു മാസം മുന്‍പ് തുറക്കേണ്ടതായിരുന്നു. അത് തുറക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട വെള്ളം കൊണ്ടുപോകും. ഒരു സ്വകാര്യ കമ്പനി മണലിന്റെ കരാര്‍ എടുത്തിരിക്കുകയാണ്. ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തത്. അത് മറിച്ച് വിറ്റാല്‍ 2000 രൂപ വരെ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും ലാഭം ഉണ്ടാവും എന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കരിമണല്‍ ഒഴുകിപ്പോവാതിരിക്കാന്‍ ഡാം തുറക്കാന്‍ വൈകിയതാണെന്നും ഇത് കരാറുകാര്‍ക്ക് ലാഭം ഉണ്ടാക്കാനായിരുന്നു എന്നുമാണ് ആരോപണം. അതേസമയം ശബ്ദരേഖ വ്യാജമാണെന്നും കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. നിയമസഭയില്‍ എന്തുകൊണ്ട് മാത്യു കുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിച്ചില്ലെന്നും ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാത്യു തോമസും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :