തദ്ദേശഭരണ തിരഞ്ഞെടുപ്പ്; ഒന്നാം ഘട്ടത്തില്‍ 76 ശതമാനം പോളിംഗ്

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (19:17 IST)
തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ പോളിംഗ് സമയം അവസാനിച്ചപ്പോള്‍ 76 ശതമാനം പോളിംഗ്.
വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കാണിത്.

വോട്ടെടുപ്പ് സമയമായ അഞ്ചു മണിക്ക് ശേഷവും ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം കിട്ടും. പല ബൂത്തുകളിലും നിരവധിപ്പേര്‍ ഇപ്പോഴും ക്യൂവിലുണ്ടെന്നതിനാല്‍ വോട്ടിംഗ് ശതമാനത്തില്‍ മാറ്റംവരാം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പോളിംഗ് ശതമാനം പ്രഖ്യാപിച്ചിട്ടില്ല. ആദ്യ മണിക്കൂറുകളിൽ വടക്കൻ ജില്ലകളിലായിരുന്നു കനത്ത പോളിങ്. എന്നാൽ ഉച്ചകഴിഞ്ഞപ്പോഴേക്കും തെക്കൻ ജില്ലകളിലും സമാനസ്ഥിതിയായി. അഞ്ചു മണിക്ക് തിരുവനന്തപുരം (72.6), കൊല്ലം (74), ഇടുക്കി (75), കോഴിക്കോട് (74.7) വയനാട് (80), കണ്ണൂര്‍ (76.65), കാസര്‍ക്കോട് (76) എന്നിങ്ങിനെയാണ് വോട്ടിങ് ശതമാനം.

വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴ് മണി മുതല്‍ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് രാവിലെ മഴ വോട്ടിംഗിന്റെ വേഗം അല്‍പം കുറച്ചെങ്കിലും ഉച്ചയോടെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകി.


ഏഴു ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടിയത്. 9220 വാര്‍ഡുകളിലായി 1.11 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അവശേഷിക്കുന്ന ഏഴു ജില്ലകളിലെ 1.41 കോടി വോട്ടർമാർ ഈ മാസം അഞ്ചിനു വോട്ടുചെയ്യും. ഏഴിനാണ് എല്ലാ ജില്ലകളിലെയും വോട്ടെണ്ണൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :