കൊച്ചി|
jibin|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (17:40 IST)
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പൊലീസ് പിടിയിലായി. തൃശൂര്‍ പള്ളിവളവ് ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ്, മതിലകം, പാപ്പിനിവട്ടം സ്വദേശി ബിജി പോള്‍ (46) ആണ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. ധ്യാനകേന്ദ്രങ്ങളിലും ട്രെയിനിലും മറ്റും വച്ച് യുവാക്കളുമായി പരിചയപ്പെടുന്ന ഇയാള്‍ പല പേരുകളിലായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്.
വിദേശത്ത് താമസിക്കുന്നതെന്നും കുറച്ചുദിവസത്തിനുള്ളില്‍ തിരിച്ചുപോകുമെന്നും മറ്റും പറഞ്ഞ് കുടുതല്‍ ബന്ധം സ്ഥാപിക്കുകയും അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കി വിശ്വാസത്തിലെടുത്തശേഷം വിദേശത്ത് ഇയാളുടെ സുഹൃത്തിന്റെ കമ്പനിയില്‍ ജോലി വാങ്ങിത്തരാമെന്നും പറയുകയും അവരുടെ കൈയില്‍നിന്നും പണവും ഐഡി പ്രൂഫുകളും മറ്റും വാങ്ങിയശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. ഇങ്ങനെ ആളുകളില്‍നിന്നും മറ്റുമായി വാങ്ങിയ ഐഡി പ്രൂഫുകളും ഫോട്ടോയും ഉപയോഗിച്ച് പല സിംകാര്‍ഡുകള്‍ വാങ്ങി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 15 കൊല്ലമായി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ അകന്നുകഴിയുന്ന ഇയാള്‍ പല ലോഡ്ജുകളിലായി മാറി മാറി താമസിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
ചേര്‍ത്തല സ്വദേശിയായ ജോസഫ് ജെയ്‌സണ്‍ അപകടത്തെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന ഇയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി കാണിച്ച് ജോസഫ് ജെയ്‌സണ്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതി നല്‍കി.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിനോ പോളിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ട മൊബൈല്‍ നമ്പറുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് അരൂര്‍ സ്വദേശിയായ ഒരാളുടേതാണ് ഈ നമ്പറെന്ന് മനസ്സിലാക്കുകയും അയാളെ വിവരങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പൊലീസ് പറഞ്ഞതനുസരിച്ച് പണം റെഡിയായിട്ടുണ്ടെന്നും വാങ്ങുവാന്‍ അരൂരില്‍ വരാന്‍ പറഞ്ഞതനുസരിച്ച് എത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.