നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെജെഒഎ

കോടതി നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

BhagyaLakshmi and DIleep
BhagyaLakshmi and DIleep
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2025 (08:26 IST)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബര്‍ ആക്രമണത്തിലും വ്യക്തിപരമായ ആക്രമണത്തിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ വ്യവസ്ഥയുടെ സല്‍പ്പേരിന് കോട്ടം വരുത്തുന്നതാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടി മധുസൂദനന്‍ ഹര്‍ജിയില്‍ പറഞ്ഞു. കോടതി നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

'സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കണം. ജഡ്ജിയുടെ ഫോട്ടോ ഉപയോഗിച്ചാണ് അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജഡ്ജിമാര്‍ക്ക് ഒരു വേദിയുമില്ല. കോടതി നടപടികളില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണ്. വിധിന്യായങ്ങള്‍ പുറത്തുവരുമ്പോള്‍ ജഡ്ജിയെ വിമര്‍ശിക്കുന്ന പ്രവണത എല്ലാ പരിധികളും ലംഘിക്കുന്നു.

ചില അഭിഭാഷകരും ഇതില്‍ പങ്കുചേരുന്നു.'നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നതായി ആരോപിക്കപ്പെടുന്ന അജ്ഞാത കത്ത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി പാര്‍വതി തിരുവോത്ത് എന്നിവരുടെ അഭിപ്രായങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :