വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികളെന്ന് മുഹമ്മദ് റിയാസ്
2024-ലെ റെക്കോഡ് നേട്ടമായ 2,29,85,363 എന്ന സംഖ്യയെ മറികടന്നാണ് ഈ ചരിത്ര നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,95,002 സഞ്ചാരികള്‍ അധികമായി എത്തിയതായും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിനോദസഞ്ചാര മേഖല കുതിപ്പിന്റെ പാതയിലെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ റെക്കോഡുകള്‍ ഭേദിച്ച് കേരളം മുന്നേറുകയാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2025-ലെ കണക്കുകള്‍ പ്രകാരം 2,58,80,365 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. 2024-ലെ റെക്കോഡ് നേട്ടമായ 2,29,85,363 എന്ന സംഖ്യയെ മറികടന്നാണ് ഈ ചരിത്ര നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,95,002 സഞ്ചാരികള്‍ അധികമായി എത്തിയതായും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര ടൂറിസത്തിലാണ് ഏറ്റവും വലിയ കുതിപ്പ് ദൃശ്യമായത്.
മുന്‍വര്‍ഷത്തേക്കാള്‍ 12.46 ശതമാനവും കോവിഡിന് മുന്‍പുള്ള കാലയളവിനേക്കാള്‍ 36.3 ശതമാനവും വര്‍ധനയുമാണ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ഇടുക്കിയിലാണ് സഞ്ചാരികള്‍ ഏറ്റവുമധികം പേരെത്തിയത് (46,79,800),എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846) ജില്ലകളാണ് തൊട്ടുപിന്നില്‍. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകുന്നത്.
ആഗോളതലത്തിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലും വളര്‍ച്ചയുണ്ട്.2025-ല്‍ 8,21,999 വിദേശ സഞ്ചാരികള്‍ എത്തി. മുന്‍വര്‍ഷത്തേക്കാള്‍ 11.3 ശതമാനം വര്‍ധനയാണിത്. ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയില്‍ മുന്നില്‍. വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി എറണാകുളം ജില്ല തുടരുന്നതായും മന്ത്രി പറയുന്നു.
കേരള ടൂറിസം വകുപ്പ് നടത്തിയ കൃത്യമായ ആസൂത്രണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് ഈ നേട്ടം. റസ്റ്റ് ഹൗസുകളുടെ നവീകരണവും വടക്കന്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനവും ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയെന്നും വൈകാതെ ഒരു ടൂറിസം സ്റ്റേറ്റായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങള്‍ വര്‍ധിച്ചതും മികച്ച റോഡ് ശൃംഖല ഒരുക്കിയതും ടൂറിസം മേഖലയ്ക്ക് ഗുണകരമായി. വടക്കന്‍ കേരളത്തിലെ വയനാട്, കോഴിക്കോട് ജില്ലകളും തൃശൂരും ടൂറിസം ഭൂപടത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ലഭ്യമായതും നേട്ടത്തിന് ആക്കം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.