അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (14:49 IST)
കേരളത്തില്‍ പ്രസിദ്ധീകരിച്ച Special Intensive Revision (SIR) കരട് വോട്ടര്‍ പട്ടിക പ്രകാരം എറ്റവുമധികം വോട്ടര്‍മാര്‍ പുറത്താക്കപ്പെട്ടത് ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളില്‍. ലോകസഭാ തിരെഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയ പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് വലിയ തോതില്‍ വോട്ടര്‍മാര്‍ കുറഞ്ഞത്. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ച തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ബിജെപി മുന്നിലെത്തിയ 6 നിയമസഭാ മണ്ഡലങ്ങളിലും വലിയ വിഭാഗം വോട്ടര്‍മാര്‍ എസ്‌ഐആറില്‍ പുറത്തായി.
തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ - 30,346 പേര്‍, തൃശൂര്‍ - 28,883 പേര്‍, നാട്ടിക - 22,983 പേര്‍, ഇരിങ്ങാലക്കുട - 17,912 പേര്‍, പുതുക്കാട് - 18,489 പേര്‍, മണലൂര്‍ - 19,573 പേര്‍ എന്നിങ്ങനെയാണ് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായവരുടെ കണക്കുകള്‍. ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തിന് പുറത്തുള്ളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് എസ്‌ഐആര്‍ കണക്കുകളിലും അന്തരം പ്രകടമായിരിക്കുന്നത്.
ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 23,507 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഇതില്‍ വലിയ വിഭാഗത്തെ കണ്ടെത്താനാകാത്തവര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴ നിയോജക മണ്ഡലത്തില്‍ 29,039 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ബിജെപി എ ക്ലാസ് മണ്ഡലങ്ങളെന്ന് കണക്കാക്കുന്ന 14 മണ്ഡലങ്ങള്‍ ഏറ്റവുമധികം ആളുകള്‍ പുറത്താക്കപ്പെട്ട ആദ്യ 20 മണ്ഡലങ്ങളുടെ ലിസ്റ്റിലുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിലാണ് കരട് പട്ടിക പ്രകാരം കൂടുതല്‍ പേര്‍ പുറത്തായിരിക്കുന്നത്. 54,627 പേര്‍. വട്ടിയൂര്‍ കാവ്- 49,740, നേമം -45,618 എന്നിവയാണ് പട്ടികയില്‍ മുന്നില്‍. 25,000ല്‍ അധികം വോട്ടര്‍മാര്‍ നീക്കം ചെയ്യപ്പെടുമെന്ന് കരട് പട്ടികയില്‍ വ്യക്തമാക്കുന്ന മണ്ഡലങ്ങളുടെ മുന്‍നിരയിലുള്ളത് ബിജെപി സ്വാധീന മണ്ഡലങ്ങളാണ്.