Onam Bumper : ഓണം ബംപർ ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തി, ടിക്കറ്റ് വില മാറില്ല
രാജ്യത്തെ സര്‍ക്കാര്‍ ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാനത്തുകയെന്ന റെക്കോര്‍ഡും കേരളം നിലനിര്‍ത്തി.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം റെക്കോര്‍ഡ് തുകയായ 30 കോടിയായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാനത്തുകയെന്ന റെക്കോര്‍ഡും കേരളം നിലനിര്‍ത്തി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.
ടിക്കറ്റ് വിലയില്‍ മാറ്റമില്ലെന്നും 500 രൂപയായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അവശ്യകത പരിഗണിച്ച് ടിക്കറ്റുകള്‍ അടിക്കുമെങ്കിലും ആദ്യഘട്ടത്തില്‍ 90 ലക്ഷം ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് നല്‍കാനാണ് തീരുമാനം.
ഒന്നാം സമ്മാനം 30 കോടി രൂപയായപ്പോള്‍ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും നല്‍കും. മൂന്നാം സമ്മാനം 50 ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയായി പുനഃക്രമീകരിച്ചിട്ടുണ്ട്. മറ്റ് സമ്മാനവിഭാഗങ്ങളുടെ വിശദാംശങ്ങളും ഭാഗ്യക്കുറി വകുപ്പ് പിന്നീട് പ്രഖ്യാപിക്കും.
ഈ വര്‍ഷത്തെ ഓണം ബംപറിന് TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ഭാഗ്യക്കുറി പദ്ധതിയില്‍ ഓണം ബംപറിന് എല്ലാ വര്‍ഷവും വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. ഉയര്‍ന്ന സമ്മാനത്തുക പ്രഖ്യാപിച്ചതോടെ ഇത്തവണയും ടിക്കറ്റ് വില്‍പ്പനയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.