1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala police warning cyber scam targeting football fans

ഫ്രീയായി കളി കാണാൻ വേണ്ടാത്ത ലിങ്കുകളിൽ കേറല്ല, കീശ കീറും : വ്യാജ ആപ്പുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പോലീസ്

സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്

Kerala Police,FIFA Worldcup streaming, Cyber Frauds, Cyber Crimes
ഫിഫ ലോകകപ്പ് 2026 ആരംഭിച്ചതോടെ മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം സൗജന്യമെന്ന വ്യാജേന ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ വഴി വ്യാപകമായ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ടെലഗ്രാം, വാട്ട്‌സാപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പ്.
 
 'FIFA World Cup Live Free', '1000+ TV Channels Free', 'Premium OTT Content Free', 'Watch Matches Without Ads' തുടങ്ങിയ ആകര്‍ഷക വാഗ്ദാനങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ടിവി ആപ്പുകളാണ് പുതിയ തട്ടിപ്പിന് പിന്നില്‍.
 
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്ട്‌സാപ്പ്, യൂട്യൂബ് തുടങ്ങിയവ വഴി APK ഫയല്‍ ഡൗണ്‍ലോഡ് ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV എന്നീ പേരുകളില്‍ എത്തുന്ന ഈ വ്യാജ ആപ്പുകള്‍ ഔദ്യോഗിക സ്ട്രീമിംഗ് സേവനങ്ങളെ അനുകരിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ലോഗോകളും ഇന്റര്‍ഫേസുകളും ഉപയോഗിക്കുന്നതിനാല്‍ നിരവധി പേര്‍ തട്ടിപ്പില്‍പ്പെടുന്ന സാഹചര്യമാണുള്ളത്.
 
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ 'Update Required', 'Activate Subscription', 'Enable Service' എന്നീ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉപയോക്താക്കളില്‍ നിന്ന് വിവിധ അനുമതികള്‍ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ പ്രധാന രീതി. ആക്‌സസിബിലിറ്റി സര്‍വീസ്, സ്‌ക്രീന്‍ ഓവര്‍ ലേ, നോട്ടിഫിക്കേഷന്‍ ആക്‌സസ് എന്നിവയ്ക്കുള്ള അനുമതികള്‍ ഇതോടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതോടെ
മൊബൈല്‍ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലമാകുകയും ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ തട്ടിപ്പുകാര്‍ക്ക് ഫോണിലെ മറ്റ് ആപ്പുകളിലേക്ക് പ്രവേശനം നേടാനാകുകയും ചെയ്യുന്നു.
 
ഇതുവഴി ബാങ്കിംഗ്, UPI സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടുകളില്‍ നിന്ന് പണം അനധികൃതമായി പിന്‍വലിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും കൈവശപ്പെടുത്തുന്ന തരത്തിലുള്ള മാല്‍വെയര്‍ ആക്രമണങ്ങളാണ് ഈ വ്യാജ ആപ്പുകളിലൂടെ നടക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
 പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍
 
• സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്
• Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
 
• 'Free Premium Subscription', 'Unlimited Sports Access', 'Watch All Matches Free' പോലുള്ള വാഗ്ദാനങ്ങളില്‍ വിശ്വാസം വെക്കരുത്
 
• Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികള്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ ഒഴിവാക്കുക
 
• ബാങ്കിംഗ്, UPI ആപ്പുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരമായി പരിശോധിക്കുക
 
• സംശയാസ്പദമായ ലിങ്കുകളും APK ഫയലുകളും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുത്
 
സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന ദേശീയ സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ cybercrime.gov.in വഴി പരാതി നല്‍കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.ALSO READ: Zee 5, FIFA World Cup 2026 Plans: 'ഇതിലും ഭേദം കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്'; 'സീ 5'നെതിരെ ഫുട്‌ബോൾ പ്രേമികൾ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മൂന്ന് പേർക്കു ഷിഗെല്ലയെന്ന് മന്ത്രി, ആർക്കും ഇല്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ്; കോഴിക്കോട് പ്രതിസന്ധി