സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 ജനുവരി 2026 (08:35 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ ആയിട്ട് രണ്ടാഴ്ച കഴിയുന്ന സാഹചര്യത്തില്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. മൂന്നാം ബലാത്സംഗ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്ഷന്‍ കോടതിയാണ് വിധി പറയുന്നത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബലാത്സംഗം ആയിരുന്നില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ശബരിമല സ്വര്‍ണ മോഷണ കേസില്‍ റിമാന്‍ഡിലുള്ള മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. വാതില്‍ പാളി, ദ്വാരപാലക കേസുകളില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഒക്ടോബര്‍ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ
ശേഷമാണ് സ്റ്റാറ്റിയൂട്ടറി ജാമ്യം ലഭിച്ചത്. സ്വര്‍ണ്ണ മോഷണ കേസില്‍ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതിയാണ് മുരാരി ബാബു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ കോടതി നേരത്തെ സ്റ്റാറ്റിയൂട്ടറി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വാതില്‍ പാളി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പോറ്റി ഇപ്പോഴും റിമാന്‍ഡിലാണ്.
അതേസമയം സ്വര്‍ണ്ണ മോഷണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മിനിറ്റുകള്‍ക്കുള്ളില്‍ തള്ളി. സ്വര്‍ണ്ണ മോഷണം നടന്ന സമയത്ത് വാസു ദേവസ്വം കമ്മീഷണറുടെ പ്രധാനപ്പെട്ട പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണ ഫ്രെയിമുകള്‍ വീണ്ടും ലോഹം പൂശുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ശബരിമല സ്വര്‍ണ്ണ മോഷണക്കേസിനെ ജസ്റ്റിസ്മാരായ ദീപങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിക്കുന്നത് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്. ജനുവരി 5 ന് ദൈവത്തെ പോലും വെറുതെ വിടുന്നില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.