മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ഇന്ന് ആരംഭിക്കും. അക്കാദമിക് ബഹിഷ്‌കരണവും നടക്കും. 19 മുതല്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ബെഡ് ട്രീറ്റ്മെന്റ്, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പണിമുടക്ക് ബാധിക്കില്ല.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെജിഎംസിടിഎ) സംസ്ഥാന പ്രസിഡന്റ് ഡോ. റോഷനാര ബീഗവും ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സിഎസും 26 മുതല്‍ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ ജോലികളും ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ മാസം 2 മുതല്‍ ഡോക്ടര്‍മാര്‍ ഒപി വിഭാഗങ്ങളുടെ അനിശ്ചിതകാല ബഹിഷ്‌കരണം ആരംഭിച്ചിരുന്നെങ്കിലും അന്ന് വൈകുന്നേരം ആരോഗ്യ, ധനകാര്യ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായും ഒരു ചര്‍ച്ച നടന്നു.
തുടര്‍ന്ന് ആ രാത്രി തന്നെ ബഹിഷ്‌കരണം പിന്‍വലിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് തീവ്രമായ പണിമുടക്കിലേക്ക് നീങ്ങുകയാണെന്നും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളില്‍ സംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.