മകനെ കൊല്ലുമെന്ന് പറഞ്ഞാൽ തളരുന്നയാളല്ല: ഭീഷണിക്കത്തിന് കെകെ രമ എംഎൽഎ‌യുടെ മറുപടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജൂലൈ 2021 (13:04 IST)
ഭീഷണിക്കത്ത് കൊണ്ട് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് വടകര എംഎൽഎ കെകെ രമ. 2012 മുതലുള്ള ഭീഷണികളുടെ തുടർച്ചയാണ് പിജെ ആർമിയുടെ പേരിൽ വന്ന ഭീഷണികത്തെന്നും ഇതുകൊണ്ടെന്നും തന്നെ തളർത്താ‌ൻ ആവില്ലെന്നും പ്രതികരിച്ചു.

നിയമസഭക്കകത്തും പുറത്തും സിപിഎമ്മിന്റെ ക്രിമിനൽ പ്രവർത്തനങ്ങളെ തുറന്നുകാട്ടുമെന്നും സ്വര്‍ണക്കടത്തും സ്വര്‍ണം തട്ടലും അടക്കം സിപിഎം നേതൃത്വം നല്‍കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്നതാണ് ഗുണ്ടാസംഘങ്ങളെ പ്രകോപിപ്പിച്ചതെന്നും കെ കെ രമ പറഞ്ഞു.മകനെ കൊല്ലുമെന്ന് കേട്ടാൽ തളരുമെന്നാണ് കത്തയച്ചവർ കരുതുന്നതെങ്കിൽ അങ്ങനെ ത‌ളരുന്ന ആളല്ല താനെന്നും രമ വ്യക്തമാക്കി.

സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടി മകനെയും തീർക്കുമെന്നും എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർഎംപിക്കാർ പങ്കെടുക്കരുതെന്നുമാണ് ഭീഷണികത്തിൽ പറയുന്നത്. കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :